പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ നാമത്തില്‍

അറിയിപ്പ്

ഈ ബ്ലോഗില്‍ നിങ്ങള്‍ക്കെഴുതാന്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ ചൊയ്യുന്ന ജി മെയില്‍ വിലാസത്തില്‍ velicham2020@gmail.com ആഡ് ചെയ്യുക.....നിങ്ങളുടെ ബയോടാറ്റയും ബ്ലോഗ് ലിങ്കും ഞങ്ങള്‍ക്കയച്ചു തരിക......

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ പോരേ?



"മതം ദൈവികമാണെങ്കില്‍ ലോകത്ത് വിവിധ മതങ്ങളുണ്ടായത് എന്തുകൊണ്ട്? വ്യത്യസ്ത ദേശക്കാര്‍ക്കും കാലക്കാര്‍ക്കും വെവ്വേറെ മതമാണോ ദൈവം നല്‍കിയത്? അങ്ങനെയാണെങ്കില്‍ തന്നെ വിവിധ മതങ്ങള്‍ക്കിടയില്‍ പരസ്പര ഭിന്നതയും വൈരുധ്യവും ഉണ്ടാവാന്‍ കാരണമെന്ത്?'' മാനവസമൂഹത്തിന് ദൈവം നല്‍കിയ ജീവിതവ്യവസ്ഥയാണ് മതം. മനുഷ്യന്‍ ആരാണെന്നും എവിടെനിന്നു വന്നുവെന്നും എങ്ങോട്ടു പോകുന്നുവെന്നും ജീവിതം എന്താണെന്നും ഏതു വിധമാവണമെന്നും മരണശേഷം എന്ത് എന്നും ഒക്കെയാണ് അത് മനുഷ്യന് പറഞ്ഞുകൊടുക്കുന്നത്. അങ്ങനെ ജനജീവിതത്തെ നേര്‍വഴിയിലൂടെ നയിച്ച് വിജയത്തിലെത്തിക്കുകയാണ് മതം ചെയ്യുന്നത്; ചെയ്യേണ്ടത്. ദൈവം തന്റെ സമഗ്രമായ ഈ ജീവിതവ്യവസ്ഥ കാലദേശഭേദമില്ലാതെ എല്ലാ ജനസമൂഹങ്ങള്‍ക്കും സമ്മാനിച്ചിട്ടുണ്ട്. തന്റെ സന്ദേശവാഹകരിലൂടെയാണത് അവതരിപ്പിച്ചത്. എല്ലാ ദൈവദൂതന്മാരും മനുഷ്യരാശിക്കു നല്‍കിയ ജീവിതാദര്‍ശം മൌലികമായി ഒന്നുതന്നെയാണ്. അല്ലാഹു അറിയിക്കുന്നു: "എല്ലാ സമുദായങ്ങളിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിലൂടെ എല്ലാവരെയും അറിയിച്ചു: നിങ്ങള്‍ ദൈവത്തെ മാത്രം വണങ്ങി, വഴങ്ങി, വിധേയമായി ജീവിക്കുക. പരിധിലംഘിച്ച അതിക്രമകാരികളെ നിരാകരിക്കുക.''(ഖുര്‍ആന്‍ 16: 36) അങ്ങനെ ഒരു ജനതയില്‍ ദൈവദൂതന്‍ നിയോഗിതനാകുന്നു. തന്റെ ജനതയെ ദൈവികസന്മാര്‍ഗത്തിലേക്ക് ക്ഷണിക്കുന്നു. അപ്പോള്‍ അവരിലൊരു വിഭാഗം അദ്ദേഹത്തെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നു. അവശേഷിക്കുന്നവര്‍ പൂര്‍വികാചാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ദൈവദൂതന്റെ വിയോഗാനന്തരം ഹ്രസ്വമോ ദീര്‍ഘമോ ആയ കാലം കഴിയുന്നതോടെ അദ്ദേഹത്തിന്റെ അനുയായികള്‍തന്നെ ദൈവിക സന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നു. പണ്ഡിത പുരോഹിതന്മാര്‍ അവരില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വളര്‍ത്തുന്നു. ആവിധം സമൂഹം സത്യശുദ്ധമായ ദൈവപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ വീണ്ടും ദൈവദൂതന്‍ നിയോഗിതനാവുന്നു. സമൂഹത്തിലെ ഒരുവിഭാഗം അദ്ദേഹത്തെ പിന്തുടരുകയും മറ്റുള്ളവര്‍ പഴയ സമ്പ്രദായങ്ങളില്‍തന്നെ നിലകൊള്ളുകയും ചെയ്യുന്നു. അതോടെ അദ്ദേഹത്തെ അനുഗമിക്കുന്നവര്‍ ഒരു മതാനുയായികളായും അല്ലാത്തവര്‍ മറ്റൊരു മതക്കാരായും അറിയപ്പെടുന്നു. യഥാര്‍ഥത്തില്‍ എല്ലാ ദൈവദൂതന്മാരും ജനങ്ങളെ ക്ഷണിച്ചത് ഒരേ സ്രഷ്ടാവിലേക്കും അവന്റെ ജീവിതവ്യവസ്ഥയിലേക്കുമാണ്. ഇസ്രായേല്യര്‍ ദൈവികസന്മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചപ്പോള്‍ അവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ മോശെ പ്രവാചകന്‍ നിയോഗിതനായി. പിന്നീട് അദ്ദേഹത്തിന്റെ അനുയായികള്‍ വഴിപിഴച്ചപ്പോള്‍ യേശു നിയോഗിതനായി. യേശുവിന്റെ ക്ഷണം നിരാകരിച്ച് തങ്ങളുടെ ദുരാചാരങ്ങളിലുറച്ചുനിന്നവര്‍ ജൂതതന്മാരായി അറിയപ്പെട്ടു. യേശുവിനെ പിന്തുടര്‍ന്നുവന്നവര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു. ഈവിധം സമൂഹം സത്യപാതയില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ നിയോഗിതരാവുന്ന പുതിയ പ്രവാചകന്മാരെ അനുധാവനം ചെയ്യാതെ പൂര്‍വികാചാരങ്ങളെ പിന്തുടര്‍ന്നതിനാലാണ് ലോകത്ത് വിവിധ മതങ്ങളും അവയ്ക്കിടയില്‍ ഭിന്നതയും വൈരുധ്യങ്ങളും ഉണ്ടായത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ