"നദികള്‍ പലയിടങ്ങളിലും നിന്നാരംഭിച്ച് പല വഴികളിലൂടെ ഒഴുകി സമുദ്രത്തിലെത്തുന്നു. ആ വിധം മനുഷ്യന്‍ വ്യത്യസ്ത മാര്‍ഗമവലംബിച്ച് ദൈവത്തിലെത്തുന്നു. അതിനാല്‍ ശ്രീനാരായണഗുരു പറഞ്ഞപോലെ 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നതല്ലേ ശരി?''
ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും നേടാനുള്ള പാതയാണല്ലോ മതം. തന്നിലേക്ക് വന്നുചേരാനുള്ള വഴിയേതെന്ന് നിശ്ചയിക്കേണ്ടത് സ്രഷ്ടാവായ ദൈവം തന്നെയാണ്. അതവന്‍ നിശ്ചയിക്കുകയും തന്റെ ദൂതന്മാരിലൂടെ മാനവസമൂഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ ഒരേസമയം സത്യമാവുക സാധ്യമല്ലെന്നത് സുവിദിതമാണല്ലോ. ഗണിതശാസ്ത്രത്തില്‍ രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാണെന്നത് ശരിയാണ്. മൂന്നാണെന്നതും അഞ്ചാണെന്നതും തെറ്റാണ്. ഓക്സിജനും ഹൈഡ്രജനും കൂടിച്ചേര്‍ന്നാല്‍ വെള്ളമുണ്ടാകുമെന്നത് സത്യമാണ്. മദ്യമുണ്ടാകുമെന്നത് അസത്യമാണ്. ഇവ്വിധം തന്നെ മതത്തില്‍ സത്യവും അസത്യവും ഏതെന്നത് മൌലിക പ്രധാനമാണ്. അദ്വൈതമാണ് സത്യമെന്നും ദ്വൈതം അസത്യമാണെന്നും ശ്രീശങ്കരാചാര്യര്‍ പറയുന്നു. ദ്വൈതമാണ് സത്യമെന്നും അദ്വൈതം അസത്യമാണെന്നും മാധ്വാചാര്യര്‍ സ്ഥാപിക്കുന്നു. ഇത് രണ്ടും അസത്യമാണെന്നും വിശിഷ്ടാദ്വൈതമാണ് സത്യമെന്നും രാമാനുജാചാര്യര്‍ അവകാശപ്പെടുന്നു. ദൈവാവതാര സങ്കല്പം സത്യമാണെന്ന് വിശ്വസിക്കുന്നവരും അസത്യമാണെന്ന് വിശ്വസിക്കുന്നവരും ഹൈന്ദവ പണ്ഡിതന്‍മാരിലുണ്ട്. പുനര്‍ജന്‍മസങ്കല്പത്തിന്റെ സ്ഥിതിയും ഇതുതന്നെ. ഹൈന്ദവ പണ്ഡിതന്‍മാര്‍ തന്നെ ഹിന്ദുമതത്തിലെ വിവിധ വിശ്വാസങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇത് തെളിയിക്കുന്നു. അതിനാല്‍ വിവിധ മതങ്ങളിലെ ഏകദൈവത്വം, ത്രിയേകത്വം, ബഹുദൈവത്വം, ദ്വൈതം, അദ്വൈതം, ഏകദൈവാരാധന, ബഹുദൈവാരാധന, വിഗ്രഹാരാധന, വിഗ്രഹാരാധന കൊടിയ പാപമാണെന്ന വിശ്വാസം, പരലോക വിശ്വാസം,പുനര്‍ജന്മവിശ്വാസം, മനുഷ്യരൊക്കെ പരിശുദ്ധരായാണ് ജനിക്കുന്നതെന്ന വീക്ഷണം, പാപികളായാണ് പിറക്കുന്നതെന്ന പ്രസ്താവം പോലുള്ള കാര്യങ്ങള്‍ ഒരേസമയം സത്യവും ശരിയും സ്വീകാര്യവുമാവുകയില്ല. ആവുമെന്ന് പറയുന്നത് രണ്ടും രണ്ടും നാലാണെന്നതും അഞ്ചാണെന്നതും മൂന്നാണെന്നതും സത്യവും ശരിയുമാണെന്നു പറയുന്നതുപോലെ പരമാബദ്ധമാണ്. അതുകൊണ്ടുതന്നെ മനുഷ്യ ഇടപെടലുകളില്‍നിന്ന് മുക്തമായ, സത്യശുദ്ധമായ ദൈവിക സന്‍മാര്‍ഗം ഏതെന്ന് അന്വേഷിച്ച് കണ്െടത്തി അത് പിന്തുടരുകയാണ് വേണ്ടത്. വിജയത്തിന്റെ വഴിയും അതുതന്നെ. താന്‍ വിശ്വസിക്കുന്ന കാര്യവും അതിനു നേരെ വിരുദ്ധമായതും ഒരേസമയം സത്യവും സ്വീകാര്യവുമാണെന്ന്, ബോധമുള്ള ആരും അംഗീകരിക്കുകയില്ല. കമ്യൂണിസവും മുതലാളിത്തവും ഒരുപോലെ ശരിയും നല്ലതുമാണെന്ന് അവയെക്കുറിച്ചറിയുന്ന അവരുടെ അനുയായികളാരും പറയുകയില്ലല്ലോ. യഥാര്‍ഥത്തില്‍ വേണ്ടത് മനുഷ്യനെ നന്നാക്കുന്ന മതമാണ്. അഥവാ, ഐഹികജീവിതത്തില്‍ മനസ്സിന് സമാധാനവും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും കുടുംബത്തിന് സ്വൈരവും സമൂഹത്തിന് സമാധാനവും രക്ഷയും രാഷ്ട്രത്തിന് ക്ഷേമവും ഭദ്രതയും ലോകത്ത് പ്രശാന്തിയും സര്‍വോപരി പരലോകത്ത് നരകത്തില്‍നിന്ന് മോചനവും സ്വര്‍ഗലബ്ധിയും ഉറപ്പുവരുത്തുന്ന മതം. മതമില്ലാതെ ഇത് സാധ്യവുമല്ല. "ഏത് മതവും സ്വീകരിക്കാമെന്ന് ഖുര്‍ആനില്‍ തന്നെ ഉണ്ടല്ലോ. ഖുര്‍ആന്‍ 2: 62-ല്‍ ഇങ്ങനെ കാണാം: 'ഉറപ്പായി അറിയുക: ഈ പ്രവാചകനില്‍ വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ പ്രതിഫലമുണ്ട്. അവര്‍ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാവുന്നതല്ല'. ഇതിനെക്കുറിച്ച് എന്തു പറയുന്നു?'' യഹൂദരുടെ വംശീയവാദത്തെ നിരാകരിക്കുന്ന വിശുദ്ധവാക്യമാണിത്. തങ്ങളുടെ വംശം മാത്രമാണ് ദൈവത്തിന് പ്രിയപ്പെട്ടവരും സ്വര്‍ഗാവകാശികളുമെന്നായിരുന്നു അവരുടെ അവകാശവാദം. തങ്ങള്‍ എങ്ങനെ ജീവിച്ചാലും രക്ഷപ്രാപിക്കുമെന്നും മറ്റുള്ളവരെല്ലാം നരകാവകാശികളായിരിക്കുമെന്നും അവര്‍ വിശ്വസിച്ചു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: "വംശമോ ജാതിയോ സമുദായമോ അല്ല വിജയനിദാനം; മറിച്ച് ദൈവത്തിലും പരലോകത്തിലുമുള്ള വിശ്വാസവും സല്‍ക്കര്‍മവുമാണ്.'' ദൈവത്തിലും മരണാനന്തര ജീവിതത്തിലും യഥാവിധി വിശ്വസിക്കലും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കലും തന്നെയാണ് ഇസ്ലാം. ആര്‍ ആവിധം ജീവിക്കുന്നുവോ അവര്‍ മുസ്ലിംകളാണ്. അവരുടെ വംശമോ വര്‍ഗമോ ദേശമോ ജാതിയോ ഏതായിരുന്നാലും ശരി. ജൂതന്മാരും ക്രിസ്ത്യാനികളും സാബികളും ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വസിച്ച് സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുന്നതോടെ അവര്‍ അവരല്ലാതായിത്തീരുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ജീവിതരീതികളിലും സമൂലമായ മാറ്റം സംഭവിക്കുന്നു. പിന്നെ, നിലവിലുള്ള പേരിലവരറിയപ്പെടാനും ഇടയില്ല. അതിനാല്‍ ഖുര്‍ആന്‍ ഇവിടെയും വിജയത്തിന്റെ നിദാനമായി ഊന്നിപ്പറഞ്ഞത് ഇസ്ലാമിന്റെ അടിസ്ഥാനങ്ങളായ സത്യവിശ്വാസവും സല്‍ക്കര്‍മങ്ങളും തന്നെയാണ്. (വിശദീകരണത്തിന് ഡയലോഗ് സെന്റര്‍ പ്രസിദ്ധീകരിച്ച 'സര്‍വമതസത്യവാദം' എന്ന കൃതി കാണുക.)
|
അറിയിപ്പ്
2012, ഫെബ്രുവരി 22, ബുധനാഴ്‌ച
'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി'യെന്നതല്ലേ ശരി?''
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ