പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ നാമത്തില്‍

അറിയിപ്പ്

ഈ ബ്ലോഗില്‍ നിങ്ങള്‍ക്കെഴുതാന്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ ചൊയ്യുന്ന ജി മെയില്‍ വിലാസത്തില്‍ velicham2020@gmail.com ആഡ് ചെയ്യുക.....നിങ്ങളുടെ ബയോടാറ്റയും ബ്ലോഗ് ലിങ്കും ഞങ്ങള്‍ക്കയച്ചു തരിക......

2012, ഫെബ്രുവരി 22, ബുധനാഴ്‌ച

സ്വര്‍ഗത്തിലും സ്ത്രീവിവേചനമോ?


"പരലോകത്ത് പുരുഷന്മാര്‍ക്ക് സ്വര്‍ഗകന്യകകളെ ഇണകളായി ലഭിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇത്തരം ഇണകളെ കിട്ടുമെന്ന് എവിടെയും കാണുന്നില്ല. സ്വര്‍ഗത്തിലും സ്ത്രീവിവേചനമോ?''
ദൈവിക നിയമമനുസരിച്ച് ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടമാണ് സ്വര്‍ഗം. ഇക്കാര്യത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കിടയില്‍ ഒരു വിവേചനവും ഇസ്ലാമിലില്ല. ഖുര്‍ആന്‍ പറയുന്നു: "സത്യവിശ്വാസികളും വിശ്വാസിനികളും പരസ്പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ നന്മകല്‍പിക്കുന്നു. തിന്മവിരോധിക്കുന്നു. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നു. സകാത്ത് നല്‍കുന്നു. ദൈവത്തെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുകതന്നെ ചെയ്യും. അല്ലാഹു സകലര്‍ക്കും അജയ്യനും യുക്തിജ്ഞനുമത്രെ. വിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്കായി അല്ലാഹു അടിഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. ആ അനശ്വര സ്വര്‍ഗങ്ങളില്‍ അവര്‍ക്കായി പാവനമായ വസതികളുണ്ടായിരിക്കും. സര്‍വോപരി ദൈവപ്രീതിയും! അതെത്ര മഹത്തരം! ഇതുതന്നെയാകുന്നു വന്‍വിജയം''(അധ്യായം 9, വാക്യം 71, 72). "നിശ്ചയം, മുസ്ലിംകളും വിശ്വാസികളും വണക്കമുള്ളവരും സത്യസന്ധരും സഹനശീലരും അല്ലാഹുവിനോട് ഭയഭക്തിയുള്ളവരും ദാനശീലരും വ്രതമനുഷ്ഠിക്കുന്നവരും തങ്ങളുടെ ലൈംഗികാവയവങ്ങളെ സൂക്ഷിക്കുന്നവരും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീകളും പുരുഷന്മാരും ആരോ, അവര്‍ക്ക് അല്ലാഹു പാപമുക്തിയും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിരിക്കുന്നു''(അധ്യായം 33, വാക്യം 35) സ്ത്രീയാവട്ടെ, പുരുഷനാവട്ടെ, നിങ്ങളിലാരുടെയും കര്‍മത്തെ നാം നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍പെട്ടവരാണല്ലോ. അതിനാല്‍ എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്ന് ബഹിഷ്കൃതരാവുകയും മര്‍ദിക്കപ്പെടുകയും എനിക്കായി സമരം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. ഞാനവരെ അടിഭാഗത്തിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നതുമാണ്. ഇത് അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലമാകുന്നു. ഉല്‍കൃഷ്ടമായ പ്രതിഫലം ദൈവത്തിങ്കല്‍ മാത്രമത്രെ''(അധ്യായം 3, വാക്യം 195).
സ്ത്രീ-പുരുഷ ഭേദമന്യേ സുകൃതവാന്മാരെല്ലാം സ്വര്‍ഗാവകാശികളായിരിക്കുമെന്ന് ഈ വിശുദ്ധ വാക്യങ്ങള്‍ വ്യക്തമാക്കുന്നു. സ്വര്‍ഗം ദൈവികദാനവും സമ്മാനവുമാണ്. മനുഷ്യരാഗ്രഹിക്കുന്നതൊക്കെയും അവിടെ ലഭിക്കും. അതിനാല്‍ പുരുഷന്മാര്‍ക്ക് അവരാഗ്രഹിക്കുന്ന ഇണകളെയെന്നപോലെ സ്ത്രീകള്‍ക്ക് അവര്‍ കൊതിക്കുന്ന കൂട്ടുകാരെയും കിട്ടും.
സ്ത്രീ - പുരുഷ സമ്പര്‍ക്കങ്ങളും ബന്ധങ്ങളും ഒരിക്കലും ഏകപക്ഷീയമാവുക സാധ്യമല്ലല്ലോ. പുരുഷന്മാര്‍ക്ക് സ്ത്രീകളെ ലഭിക്കുമെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെയും ഇണകളായി കിട്ടുമെന്നത് സ്വാഭാവികവും അനിവാര്യവുമാണല്ലോ. ഒന്നു പറഞ്ഞാല്‍ മറ്റൊന്നു പറയേണ്ടതിന്റെ ആവശ്യമില്ലെന്നര്‍ഥം. ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യര്‍ക്കുവേണ്ടിയാണ് അവതീര്‍ണമായത്. അതിനാലതിന്റെ ശൈലിയും പ്രയോഗവും ഘടനയുമെല്ലാം ജനങ്ങള്‍ക്ക് അനായാസം മനസ്സിലാക്കാന്‍ സാധിക്കുമാറ് പരിചിതരീതിയിലാണ്. എക്കാലത്തെയും വിശ്വസാഹിത്യത്തിലെന്ന പോലെ ഖുര്‍ആന്റെ അവതരണകാലത്തെ അറബി സാഹിത്യത്തിലും സ്ത്രൈണ സൌμര്യമാണ് വര്‍ണിക്കപ്പെട്ടിരുന്നത്. ഖുര്‍ആനിലും പ്രബോധിത സമൂഹത്തിന് തീര്‍ത്തും സ്വീകാര്യവും വേഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതുമായ അതേ രീതിയാണ് സ്വീകരിക്കപ്പെട്ടത്. അതേ സമയം ഭൂമിയില്‍വച്ച് അറിയുന്നതും സങ്കല്‍പിക്കുന്നതുമായ, സകല സീമകള്‍ക്കും അതീതമായ സുഖസൌകര്യങ്ങളാവും സ്വര്‍ഗത്തിലുണ്ടാവുകയെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി അറിയിക്കുകയും അതില്‍ സ്ത്രീ-പുരുഷന്മാരെല്ലാം ഒരേപോലെ പങ്കാളികളായിരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതിനാല്‍ സ്വര്‍ഗത്തില്‍ സ്ത്രീവിവേചനത്തിന്റെ പ്രശ്നമേ ഉദ്ഭവിക്കുന്നില്ല- വിവേചനമെന്നത് അതിനിരയാവുന്നവര്‍ക്ക് അനിഷ്ടകരമായിരിക്കുമല്ലോ. ആര്‍ക്കും അനിഷ്ടകരമായ ഒന്നും അവിടെയുണ്ടാവില്ലെന്ന് വിശുദ്ധ വേദഗ്രന്ഥം ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ