അറിയിപ്പ്
2011, ജൂലൈ 11, തിങ്കളാഴ്‌ച
കടലെന്താണെന്ന് പറയാം കടലില്‍ എന്തെല്ലാമെന്ന് എണ്ണിത്തീര്‍ക്കുന്നതെങ്ങനെ ?
ഇസ്ലാമിന്റെ വിശുദ്ധി വീണ്ടെടുക്കാന്‍ നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ പൌരോഹിത്യത്തോടും അഴുകിയ പാരമ്പര്യത്തോടും നടത്തിയ പോരാട്ടം കേരളീയ ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഈ ശ്രമത്തിനിടയില്‍ തങ്ങളുടെ ജീവിതത്തെ സുദൃഢമായ അച്ചടക്കത്തില്‍ നിബന്ധിച്ചു നിറുത്താനും പുതിയ ആശയ പ്രപഞ്ചങ്ങള്‍ വായനക്കാര്‍ക്ക് കാഴ്ചവെക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇത്തരം ഒട്ടേറെ ഗുണാത്മകതകള്‍ അതിനുണ്ടായിരുന്നെങ്കിലും അവര്‍ മറന്നുപോയ ഒന്നായിരുന്നു കലാസാഹിത്യങ്ങളുടെ പ്രോത്സാഹനവും സൌന്ദര്യ-സര്‍ഗാത്മക ശക്തികളുടെ പോഷണവും.
കവിതാ രംഗത്ത് അല്ലാമാ ഇഖ്ബാല്‍, മൌലാനാ റൂമി, ലബീബ് മുതലായവരുടെയും ആഖ്യാനരംഗത്ത് അമീര്‍ ഹംസ, തുര്‍ക്കിസ്താനിലെ രാവുകള്‍ മുതലായവ നോവലുകളുടെയും സംഗീതത്തില്‍ ഗസല്‍, ഖവാലി, ഹിന്ദുസ്ഥാനി മുതലായ പാരമ്പര്യങ്ങളുടെയും വലിയൊരു പശ്ചാത്തലം ഇസ്ലാമിക സംസ്കാരത്തിനുണ്ടായിരുന്നെങ്കിലും, അതിന്റെ ഊര്‍ജം നവോത്ഥാനത്തിലേക്ക് വേണ്ടവിധം കണ്ണിചേര്‍ക്കാന്‍ എന്തുകൊണ്ടോ കഴിഞ്ഞില്ല (അംഗീകൃത എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജനത്തിനും കെ. സരസ്വതിയമ്മക്കും മുമ്പേ ഹലീമാബീവി എന്ന കവയിത്രി കേരളത്തില്‍ ഉണ്ടായിരുന്നുവെന്നത് ഓര്‍ക്കുക).
ഇതൊരു പക്ഷേ, പാരമ്പര്യ പ്രസ്ഥാനങ്ങളുടെ ശക്തമായ എതിര്‍പ്പിലേക്ക് തങ്ങളുടെ മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കേണ്ടി വന്നതിനാലാകാം. അല്ലെങ്കില്‍ കലാ-സാഹിത്യങ്ങളുടെ അദമ്യമായ സ്വാതന്ത്യ്രവാഞ്ഛകള്‍ തങ്ങളുടെ സുദൃഢമായ അച്ചടക്കത്തെ ബാധിക്കും എന്നതു കൊണ്ടുമായിരിക്കാം. എന്തായാലും ഇത്തരം സര്‍ഗശോഷണങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉപരിതലത്തില്‍ മാത്രമായിരുന്നെന്നും അതിന്റെ ആന്തരികതയില്‍ സൌന്ദര്യബോധവും ഹര്‍ഷോന്മാദങ്ങളും തങ്ങിനിന്നിരുന്നു എന്നും തെളിയിക്കുന്നതാണ് കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതില്‍ പ്രധാന പങ്കുവഹിച്ച ടി.കെ അബ്ദുല്ല രചിച്ച 'ഇഖ്ബാലിനെ കണ്ടെത്തല്‍' എന്ന പ്രൌഢഗ്രന്ഥം.
ഉത്തരാധുനിക സിദ്ധാന്തങ്ങളില്‍ എഴുത്തുകാരന്‍ തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനും(റോളന്‍ ബാര്‍ത്ത്) വായനക്കാരന്‍ സ്രഷ്ടാവുമാണ്. ഈ സിദ്ധാന്ത പ്രകാരം ഇഖ്ബാലിനെക്കുറിച്ചുള്ള ഈ പുസ്തകമെഴുതുമ്പോള്‍ ഇഖ്ബാലിന്റെ സര്‍ഗാത്മകതയല്ല ടി.കെ അബ്ദുല്ല കണ്ടെടുക്കുന്നത്, സ്വന്തം സര്‍ഗാത്മകതയെ തന്നെയാണ്.
ആമുഖത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു: 'ഇഖ്ബാല്‍ ഒരു കരകാണാ കടലാണ്. അതിന്റെ ആഴവും പരപ്പും അളന്നു തിട്ടപ്പെടുത്തുക പ്രയാസം. കടല്‍ എന്താണെന്ന് ഈ കൃതിയിലുണ്ട്. കടലില്‍ എന്തെല്ലാമാണെന്ന് എണ്ണിതീര്‍ക്കുന്നില്ല.'
'വാഗ്മിത്വം' എന്ന വാക്കിന് കുറച്ചു വാക്കുകളിലൂടെ കൂടുതല്‍ ആശയങ്ങളെ പ്രകാശിപ്പിക്കുക എന്നാണല്ലോ അര്‍ഥം. ഒരു ഉപ്പുതരിയില്‍നിന്ന് സമുദ്രത്തെ രുചിച്ചറിയുന്നതു പോലെ തന്റെ രണ്ടു ചെറുപ്രസംഗങ്ങള്‍ വികസിപ്പിച്ചെടുത്ത് തയാറാക്കിയ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ഇഖ്ബാലിന്റെ സാകല്യത്തെ സംക്ഷേപാര്‍ഥത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇഖ്ബാലിനെക്കുറിച്ച് 'കോഴിക്കോട് ഇഖ്ബാല്‍ ട്രസ്റ്' പ്രസിദ്ധീകരിച്ച അബ്ദുസ്സമദ് സമദാനിയുടെ ഉള്‍പ്പെടെ ഏതാണ്ട് രണ്ടു ഡസനോളം പുസ്തകങ്ങള്‍ നമ്മുടെ ഭാഷയിലുണ്ട്. പക്ഷേ, ഈ പുസ്തകങ്ങളില്‍ കാണുന്ന വിവരണാത്മക ശൈലിയില്‍നിന്ന് വ്യത്യസ്തമായി ഇഖ്ബാലിന്റെ തത്ത്വശാസ്ത്രത്തെയും കവിതയെയും തന്റെ മൂര്‍ച്ചയേറിയ ധിഷണയാല്‍ ഉദ്ഗ്രഥിച്ചെടുക്കാനാണ് ഇക്ബാലിനെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം ശ്രമിക്കുന്നത്.
ഇഖ്ബാല്‍ വാസ്തവത്തില്‍ കേവലം ഒരു വ്യക്തിയായിരുന്നില്ല. ഒരു മഹാപ്രസ്ഥാനം തന്നെയായിരുന്നു. ഇന്ത്യന്‍ ചരിത്രത്തിന്റെ ദശാസന്ധിയില്‍ സംഭവിച്ച ഒരു അസാധാരണ പ്രതിഭാസം. കവിതയില്‍ അദ്ദേഹം ജഡിലമായിപ്പോയ സമൂഹ മനസ്സാക്ഷിയെ ഉണര്‍ത്തുന്ന കൊടുങ്കാറ്റിന്റെ ഹുങ്കാരവും ഇടിമിന്നലിന്റെ വൈദ്യുതാഘാതവും ഉളവാക്കി. തത്ത്വചിന്തയില്‍ ഖുര്‍ആന്‍ വെളിവാക്കുന്ന മനുഷ്യന്റെ അതുല്യത (ഖലീലുല്ലാഹി) എന്ന പരികല്‍പനയെ പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍- അല്‍ കാമില്‍) എന്ന ദര്‍ശനത്തിലേക്ക് വികസിപ്പിച്ചു. സമുദായ ക്ഷേമത്തില്‍ സങ്കുചിത ദേശീയത എന്ന സങ്കല്‍പത്തെ എതിര്‍ത്ത് മതസത്വങ്ങള്‍ക്ക് പോറലേല്‍ക്കാത്ത 'ഫെഡറല്‍ അവിഭക്ത ഇന്ത്യ'ക്കായി വാദിച്ചു. പ്രഭാഷകന്‍ എന്ന നിലയില്‍ ജനങ്ങളെ ആവേശഭരിതനാക്കി. വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ അപകര്‍ഷത തീണ്ടാത്ത സ്വതന്ത്ര ചിന്തകള്‍ക്ക് തിരികൊളുത്തി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമവായത്തെ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. വിശ്വാസി എന്ന നിലയില്‍ അല്ലാഹുവിന്റെ ഉറ്റ തോഴനാവുകയും തൌഹീദിന് തന്റെ കലാചാതുരിയാല്‍ അപാര സൌന്ദര്യമേകുകയും ചെയ്തു.
എന്നാല്‍, ഈ ലേഖകനെ ഇഖ്ബാലിലേക്ക് ആകര്‍ഷിക്കുന്നത് 'ആധുനികത'യോട് തന്റെ ഇസ്ലാമിക വിശ്വാസവുമായി അദ്ദേഹം നടത്തിയ സംവാദമാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിലുണ്ടായ മതപരിഷ്കര്‍ത്താക്കളും സമുദായോദ്ധാരകരും ഇസ്ലാമിക ഭൂതകാലത്തിന്റെ പുനരുത്ഥാനമാണ് (Revivalisam) നടത്തിയതെങ്കില്‍, ഇഖ്ബാല്‍ ഈ ഫുഖഹാക്കളില്‍നിന്നും വ്യത്യസ്തമായി, ഐന്‍സ്റീന്റെ പ്രപഞ്ച വികസന സിദ്ധാന്തത്തിലൂടെയും പുതിയ നരവംശശാസ്ത്ര പഠനങ്ങളിലൂടെയും ഫെഡറിക് നീത്ഷേയുടെ അതിമാനുഷിക (super man) സങ്കല്‍പത്തിലൂടെയും ഇസ്ലാമിനെ പുതിയതായി വായിച്ചെടുക്കുകയായിരുന്നു.
തന്റെ ദര്‍ശനത്തിന്റെ വേരുകള്‍ ഇസ്ലാമിക മിസ്റിസത്തില്‍ തന്നെയാണ് (സൂഫിസം) അദ്ദേഹം കണ്ടെത്തുന്നതെങ്കിലും സൂഫികള്‍ക്ക് സഹജമായ ചരിത്ര നിഷേധത്തെയും വ്യക്തിയിലേക്കുള്ള ഉള്‍വലിവിനെയും അദ്ദേഹം എതിര്‍ത്തു. അബ്ബാസി ഖിലാഫത്തിന് നേരെയുണ്ടായ കുപ്രസിദ്ധമായ ബഗ്ദാദ് ആക്രമണത്തിനുശേഷം ഇസ്ലാമില്‍ തത്ത്വാന്വേഷണങ്ങളും സ്വതന്ത്ര ചിന്തകളും നിശ്ചലമാകുകയും കര്‍മ സിദ്ധാന്തങ്ങളുടെയും (ഫിഖ്ഹ്) നിയമാവലികളുടെയും (ശരീഅത്ത്) വളര്‍ച്ച ത്വരിതഗതിയിലാവുകയും ചെയ്തു. ദൈവിക മതം പലപ്പോഴും കാര്‍ക്കശ്യത്തിന്റെ രൂപത്തിലേക്ക് ഉള്‍വലിഞ്ഞു. അശ്അരി, അല്‍ഗസ്സാലി, ഇബ്നു തൈമിയ മുതലായ സൈദ്ധാന്തികരിലൂടെ ശിലീകൃതമായ ഇസ്ലാമിക പാരമ്പര്യ ധാരയെ പുതിയ ലോകമാറ്റങ്ങളുടെ ചലനാത്മകതയിലേക്ക് കടത്തിവിടുകയാണ് ഇഖ്ബാല്‍ ചെയ്തത്. തഖ്ലീദില്‍ ആമഗ്നമായ സമൂഹത്തിന്റെ ആലസ്യത്തിനും അപകര്‍ഷത്തിനും ഭയപ്പാടിനും പകരം ഖുര്‍ആനില്‍ നിന്നുതന്നെ മനുഷ്യന്റെ അതുല്യതയെയും ഇഛാശക്തിയെയും കുറിച്ചുള്ള പാഠങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയെടുത്തു.
"ആകാശ ഭൂമികളുടെയും പര്‍വതങ്ങളുടെയും മുന്‍പില്‍ ഈ അമാനത്തു വെച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ തയാറായില്ല. അവയതിനെ ഭയപ്പെട്ടു പക്ഷേ, മനുഷ്യനതേറ്റെടുത്തു.....'' (33:72).
ഇഖ്ബാലിന്റെ വീക്ഷണത്തില്‍ ദൈവത്തിന്റെ മുമ്പിലുള്ള ഒരു നിസ്സാരനോ വിധിയുടെ കളിപ്പാട്ടമോ അല്ല മനുഷ്യന്‍. ദൈവത്തില്‍നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് അവനിലേക്ക് സഞ്ചരിച്ചെത്താന്‍ മോഹിക്കുന്ന പുതുയുഗസൃഷ്ടാവാണ്.
'ഖുദി' എന്ന പരികല്‍പനയില്‍ ഊന്നി പൂര്‍ണ മനുഷ്യന്‍ (അല്‍ ഇന്‍സാന്‍ അല്‍ കാമില്‍) എന്ന സങ്കല്‍പമാണ് ഇഖ്ബാല്‍ തന്റെ ദര്‍ശനമായി ലോകത്തിന് സമ്മാനിച്ചത്. ഈ ദര്‍ശനത്തിന്റെ സൂക്ഷ്മതയിലേക്കും ആഴത്തിലേക്കും 'കാവ്യബിംബങ്ങള്‍' (പേജ് 53) എന്ന അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് കടന്നു ചെല്ലുന്നുണ്ട്. ഈ പുസ്തകത്തിലെ ഏറ്റവും കാവ്യാത്മകവും ദാര്‍ശനികവുമായ സൌന്ദര്യം തുളുമ്പി നില്‍ക്കുന്ന ഭാഗമാണ് ഈ അധ്യായം. വായനക്കാരോട് ലളിതമായി സംവേദിക്കുന്നതും.
കവികള്‍ താഴ്വാരങ്ങളിലൂടെ സ്വപ്നാടകരായി സഞ്ചരിക്കുന്നവരാണെന്നും അവരില്‍ ചിലരെയൊഴികെ ആരെയും പിന്തുടരരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. കവിതകളേക്കാള്‍ ഇസ്ലാമിക അടിത്തറയില്‍ രൂപപ്പെടുത്തിയെടുത്ത തന്റെ ദര്‍ശനത്തിനായിരുന്നു ഇഖ്ബാല്‍ മുന്‍തൂക്കം കൊടുത്തത്. അദ്ദേഹത്തിന്റെ കവിത അതുല്യമായ സൌന്ദര്യം ഉള്ളതായിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളോട് അദ്ദേഹം അലംഭാവം പുലര്‍ത്തി. വാസ്തവത്തില്‍ തന്റെ ദര്‍ശനത്തെ സൌന്ദര്യവല്‍കരിക്കാനുള്ള ഒരു മാധ്യമം മാത്രമായിരുന്നു അദ്ദേഹത്തിന് കവിത. ഈ പ്രത്യേകതയെ ഗ്രന്ഥകാരന്‍ തിരിച്ചറിയുകയും അദ്ദേഹത്തിന്റെ രാഷ്ട്രീയപരവും ദാര്‍ശനികവുമായ കണ്ടെത്തലുകളെ ഒരു ചരടില്‍ മുത്തുകളെപോലെ കോര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചില കവിതകളുടെ ഉര്‍ദു മൂലം ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇഖ്ബാലിന്റെ കവിതകളുടെ സാമീപ്യവും സാന്നിധ്യവും വായനക്കാരില്‍ ഉളവാക്കാന്‍ പ്രേരകമാണ് അത്രയധികം പരീക്ഷിക്കാത്ത ഈ പുതു രീതി.
ഒരു ഉണര്‍ത്തു പാട്ടു പോലെയോ ആഹ്വാനം പോലെയോ ആയിരുന്നു ഇഖ്ബാലിന്റെ കവിത. അത് വായിക്കുന്നവരിലേക്ക് പുതിയൊരു ഊര്‍ജം പ്രവഹിക്കുന്നു. റൂമി, ലെനിന്‍, നീത്ഷേ, ശ്രീരാമന്‍. വിശ്വാമിത്രന്‍, ഖദ്ര്‍ എന്നിങ്ങനെ വിഭിന്ന കഥാപാത്രങ്ങള്‍ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. ചില കവിതകളില്‍ അദ്ദേഹം അല്ലാഹുവിനെ സന്ദര്‍ശിക്കുകയും സംഭാഷണം നടത്തുകയും ചെയ്യുന്നു.
ഗ്രന്ഥകാരന്റെ ആമുഖവും ഇഖ്ബാലിന്റെ ഏതാനും കവിതാമുത്തുകളുടെ വിവര്‍ത്തനവും കഴിഞ്ഞാല്‍ നാലു അധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. അതില്‍ ആദ്യത്തെ അധ്യായത്തില്‍ അദ്ദേഹത്തിന്റെ ജീവിതരേഖ സംക്ഷിപ്തമായി വിവരിക്കുന്നു. മൂന്നാമത്തെ അധ്യായം നേരത്തെ പറഞ്ഞപോലെ അദ്ദേഹത്തിന്റെ ദര്‍ശനത്തെക്കുറിച്ചാണ്. രണ്ടും നാലും അധ്യായങ്ങള്‍ അദ്ദേഹത്തിന്റെ സാമൂഹിക ഇടപാടിനെക്കുറിച്ചും ഇസ്ലാമിക അടിത്തറയിലുള്ള നവലോക സ്വപ്നത്തെക്കുറിച്ചുമാണ്.
ഇഖ്ബാല്‍ ഒരേസമയം ഒരു സാമുദായികവാദിയും ദേശീയവാദിയും അന്തര്‍ദേശീയവാദിയുമായിരുന്നു. ഈ വ്യക്തിത്വങ്ങള്‍ വൈരുധ്യങ്ങള്‍ പുലര്‍ത്താതെ നിലനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സംസ്കാരത്തിന്റെ മൂല്യരാഹിത്യത്തെക്കുറിച്ചുള്ള വെറുപ്പും തന്റെ സമുദായത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള വേദനയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു. വ്യക്തിനിഷ്ഠമായ തലത്തിലാണ് അദ്ദേഹം രൂപപ്പെടുത്തിയ ദര്‍ശനം നിലകൊണ്ടിരുന്നതെങ്കിലും സാമൂഹികതലത്തിലും അദ്ദേഹത്തിന്റെ ചിന്ത വ്യാപരിച്ചിരുന്നു. തന്റെ സംസ്കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പും ലോകാധിപത്യവുമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹികസ്വപ്നം.
അദ്ദേഹം ജീവിച്ചിരുന്ന കാലം (പത്തൊമ്പതിന്റെ അവസാനവും ഇരുപതിന്റെ തുടക്കവും) പുതിയ ലോകത്തെയും പുതിയ മനുഷ്യനെയും കുറിച്ചുള്ള സ്വപ്നങ്ങളുടെ കാലമായിരുന്നു. സാര്‍വദേശീയത, സമഗ്രാധിപത്യ വാസന, പുതിയ ലോക സൃഷ്ടി മുതലായവ അക്കാലത്തെ തത്ത്വശാസ്ത്രങ്ങളുടെ അടിസ്ഥാന ചോദകങ്ങളായിരുന്നു (മാര്‍ക്സിന്റെ അന്യന്റെ വാക്കുകള്‍ സംഗീതം പോലെയാസ്വദിക്കുന്ന കമ്യൂണിസ്റു വ്യവസ്ഥിതിയും നീത്ഷേയുടെ ലോകത്തെ ഭരിക്കുന്ന സൂപ്പര്‍മാനും കൂടാതെ ഒട്ടേറെ സോഷ്യലിസ്റ് ഉട്ടോപ്യന്‍ ചിന്താഗതികളും). ഈ കാലത്തിന്റെ സ്വാധീനത്തില്‍നിന്ന് ഇഖ്ബാലും മുക്തനായിരുന്നില്ല. ബഹുസ്വര സ്വഭാവമുള്ള ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുമ്പോഴും തൌഹീദില്‍ പ്രതിഷ്ഠാപിതമായ 'പാന്‍ ഇസ്ലാമിസ'ത്തെയും അദ്ദേഹം മനസ്സില്‍ കുടിയിരുത്തി. ഇങ്ങനെ അനേകം വിരുദ്ധ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തില്‍ കാണാനാകുമെങ്കിലും അവ ഒരു സംഗീതധാരയിലെന്നപോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും കവിതയിലും വിലയിച്ചു കിടക്കുന്നു. ഒരൊറ്റ ചരടിലെന്നപോലെ ഇഖ്ബാലിന്റെ ദര്‍ശനത്തെയും കവിതയെയും കോര്‍ത്തിണക്കാനുള്ള ശ്രമമാണ് തന്റെ പുസ്തകമെന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ പറയുന്നുണ്ട്. ആ ശ്രമത്തില്‍ ഗ്രന്ഥകാരന്‍ വിജയിക്കുന്നുണ്ടുതാനും.
ബൃഹത്തും കേവലവുമായ (grand narration) ചിന്തകള്‍ക്ക് പ്രസക്തി നഷ്ടപ്പെടുകയും സൂക്ഷ്മവും പ്രാദേശികവുമായ പ്രതിരോധങ്ങള്‍ക്ക് (micro politics) പ്രസക്തി വര്‍ധിക്കുകയും ചെയ്തിരിക്കുന്ന ഇക്കാലത്ത്, ഇഖ്ബാലിനെ പോലുള്ളവര്‍ സൃഷ്ടിച്ചെടുത്ത സമഗ്രതയുടേതായ ജ്ഞാനരൂപങ്ങള്‍ക്ക് എത്രമാത്രം കാലികത ഉണ്ട് എന്ന ചോദ്യവും അടുത്തതായി അവശേഷിക്കുന്നുണ്ട്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച 'അപാര പ്രപഞ്ചങ്ങള്‍'ക്ക് ഈ കാലത്തും മനുഷ്യരില്‍ പ്രതീക്ഷയും ശക്തിയും പകരാന്‍ കഴിയുന്നുണ്ടെന്ന വസ്തുതയും മറച്ചു വെച്ചുകൂടാ.
അവസാന വിശകലനത്തില്‍ ഇഖ്ബാലിന്റെ സംഭാവനകളെ ഇങ്ങനെ സംഗ്രഹിക്കാം. പ്രകൃതിയിലെ ഓരോ വസ്തുക്കളും ഓരോ മനുഷ്യരും അവയുടെ മൌലികതകള്‍ കൊണ്ടും പ്രത്യേകതകള്‍ കൊണ്ടും വ്യത്യസ്തമാണ്. ഈ 'വ്യത്യസ്തത'യെയും 'അനന്യത'യെയും ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്.
ഇസ്ലാം ഒരു 'മോചനമാര്‍ഗ'മായി നിലനില്‍ക്കുമ്പോള്‍ തന്നെ ഓരോരുത്തരും അതിനെ ഉള്‍ക്കൊള്ളുന്നതും ജീവിതത്തില്‍ ആവിഷ്കരിക്കുന്നതും തങ്ങളുടെ വ്യത്യസ്തതകളോടെയാണ്. ഖുര്‍ആന്റെ അടിസ്ഥാന സത്തയില്‍ ഉറച്ചുനിന്നുകൊണ്ടു തന്നെ അതില്‍ പുതിയ സാധ്യതകള്‍ ആരായുകയാണ് ഇഖ്ബാല്‍. വേദ പുസ്തകത്തെ മുന്‍ നിറുത്തി ഇനിയും അന്വേഷണങ്ങള്‍ സാധ്യമാണെന്ന് ഇങ്ങനെ അദ്ദേഹം വിളിച്ചു പറയുന്നു. ഇസ്ലാമിന്റെ ആധുനിക കാലത്തേക്കുള്ള ഇജ്തിഹാദ് ആണ് ഇഖ്ബാല്‍ ദര്‍ശനം. കവിതകള്‍ അതിനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയും. വിശ്വാസികളെ ആത്മാവു നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായോ ചൈതന്യം നഷ്ടപ്പെട്ട ജഡരൂപങ്ങളായോ മാറ്റാന്‍ ശ്രമിക്കുന്ന മതയാഥാസ്ഥിതികത്വത്തിനും മതഫാസിസത്തിനുമെതിരെ നില്‍ക്കുന്നു ആ ദര്‍ശനവും കവിതയും.
പുസ്തകം
ഇഖ്ബാലിനെ കണ്ടെത്തല്‍
ടി.കെ അബ്ദുല്ല
ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ്, കോഴിക്കോട്
വില: 65.00
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ