പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ നാമത്തില്‍

അറിയിപ്പ്

ഈ ബ്ലോഗില്‍ നിങ്ങള്‍ക്കെഴുതാന്‍ നിങ്ങളുടെ ബ്ലോഗ് ഓപ്പണ്‍ ചൊയ്യുന്ന ജി മെയില്‍ വിലാസത്തില്‍ velicham2020@gmail.com ആഡ് ചെയ്യുക.....നിങ്ങളുടെ ബയോടാറ്റയും ബ്ലോഗ് ലിങ്കും ഞങ്ങള്‍ക്കയച്ചു തരിക......

2013, ജനുവരി 26, ശനിയാഴ്‌ച




ദഅവ [മതപ്രബോധന] രംഗത്ത് സജീവമായ മുഹമ്മദ് ഈസ ക്രൈസ്തവതയില്‍ നിന്നും മാറി ഇസ്ലാം സ്വീകരിക്കാനിടയായ കാരണങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

ക്രിസ്തുമത പ്രഭാഷണ രംഗത്ത്‌ അരനൂറ്റാണ്ടിലേറെ വേദികള്‍ നിറഞ്ഞു നിന്ന തിരുവട്ടാര്‍ കൃഷ്ണകുട്ടിയുടെ വെളിപ്പെടുത്തലുകള്‍ !!
സുവിശേഷകന്‍ ബൈബിള്‍ തള്ളിപ്പറയുന്നു!
മുഹമ്മദ് ഈസാ പെരുമ്പാവൂര്‍
ലേഖനം
(തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍)


കേരളത്തില്‍ ക്രൈസ്തവ സുവിശേഷകര്‍ അനേകരുണ്ടെങ്കിലും ഇവരില്‍ നിന്നെല്ലാം പല കാരണങ്ങള്‍കൊണ്ട് വ്യത്യസ്തനാണ് ബഹുമാന്യനായ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി. പേര് കൊണ്ടും പ്രത്യേക ശൈലികൊണ്ടും വ്യത്യസ്ത മേഖലകളിലുള്ള ഇടപെടല്‍കൊണ്ടും ക്രൈസ്തവ മിഷണറികളുടെ അഭിമാനമാണ് അദ്ദേഹം. പെന്തകോസ്ത് സമൂഹത്തിന്റെ ആധികാരിക ശബ്ദമായ റവ.എം.വി.ചാക്കോ തന്റെ ആത്മാര്‍ഥ സുഹൃത്തായ തിരുവട്ടാറിനെ പ്രശംസിച്ചത് ഇങ്ങനെയാണ്. "പേരില്‍ യാദവവംശജനെങ്കിലും ക്രിസ്തു വിശ്വാസത്തിലൂടെ ദൈവഭവനത്തില്‍ പേരെഴുതപ്പെട്ടിരിക്കുന്ന ഈ സത്യക്രിസ്ത്യാനിക്ക് താന്‍ വിശ്വസിക്കുന്നത് പറഞ്ഞ് ഫലിപ്പിക്കുവാന്‍ ഏറെ കഴിവുണ്ട്. ക്രിസ്തുവിന്റെ സ്ഥാനപതി എന്നതിലും ഉപരി ദൈവഭവനത്തിലെ ഒരു കാര്യവിചാരകന്‍ കൂടിയാണദ്ദേഹം''(1)

സ്വന്തം കുടുംബവകയായുള്ള അമ്പലവും ഉത്സവങ്ങളും ഒക്കെയുള്ള ഹൈന്ദവ തറവാട്ടില്‍ നിന്നും യൌവനത്തിലെ തന്നെ അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരുന്നു. ഏതൊരു പുത്തന്‍ ക്രിസ്ത്യാനിയെയും പോലെ 'പുതിയ നിയമത്തിലെ യേശു' എന്ന കേന്ദ്ര ബിന്ദുവാണ് കഥാപുരുഷനെയും ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്. യേശുവിനെകുറിച്ച് അജ്ഞരായ ഇതര മതസ്ഥരോട് സുവിശേഷം പ്രസംഗിക്കുന്നതില്‍ ശ്രദ്ധയൂന്നിയ അദ്ദേഹം ഒട്ടും വൈകാതെ ചില തീവ്രഹൈന്ദവ സംഘടനകളുടെ ഹിറ്റ്ലിസ്റ്റില്‍ സ്ഥാനം പിടിച്ചു. ഇത് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയെന്ന ക്രൈസ്തവ പ്രഭാഷകനെ മറ്റുള്ളവരെക്കാള്‍ ജനശ്രദ്ധയാകര്‍ഷിക്കുവാന്‍ കാരണമായിത്തീര്‍ന്നു. 


തന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ വിപുലീകരണത്തിനുവേണ്ടി ഇസ്ലാമിനെ കുറിച്ച് പഠിക്കുവാനും അദ്ദേഹം സന്നദ്ധനായി. മുസ്ലിംകളെ വെറുപ്പിക്കുവാനോ പ്രകോപിപ്പിക്കുവാനോ ആക്ഷേപിക്കുവാനോ അദ്ദേഹം ആഗ്രഹിച്ചല്ലത്രേ. മറിച്ച് പരിശുദ്ധ ക്വുര്‍ആന്‍ ഉദ്ധരിച്ച് മുന്‍ വേദഗ്രന്ഥമെന്ന നിലയില്‍ മുസ്ലിംകളെല്ലാം ബൈബിള്‍ വിശ്വസിക്കുവാന്‍ നിര്‍ബന്ധിതരാണെന്നും യേശുവിന്റെ ദിവ്യത്വം ഇസ്ലാമിന്റെ അധ്യാപനമാണെന്നും യേശുവിന്റെ കുരിശുമരണ നിഷേധവാദം മുഹമ്മദ് നബി(സ്വ)ക്ക് പറ്റിയ പല അബദ്ധങ്ങളില്‍ ഒന്നുമാത്രമാണെന്നും ക്രൈസ്തവ സ്നേഹത്തിലൂടെ അവതരിപ്പിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്ന് 'നിഷ്കളങ്കമായി' അദ്ദേഹം പറയുന്നു.
തിരുവട്ടാറിന് ഇപ്രകാരമൊരു അതിമോഹം ജനിക്കുവാന്‍ കാരണമായത് പരിശുദ്ധ ക്വുര്‍ആനിലോ മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങളിലോ അദ്ദേഹം നടത്തിയ ആഴമേറിയ പഠനങ്ങളായിരുന്നില്ല, മറിച്ച് മര്‍ക്കസുല്‍ ബിശാറ എന്ന അറബി നാമമുള്ള ഇസ്ലാം വിമര്‍ശന ഗ്രൂപ്പ് പടച്ചുവിട്ട ഇസ്ലാമിക പ്രമാണങ്ങളുടെ ദുര്‍വ്യാഖ്യാനങ്ങളായിരുന്നു. ഈ കാലഘട്ടത്തെ കുറിച്ച് ക്രൈസ്തവ-ഇസ്ലാം സംവാദം എന്ന തന്റെ മാസ്റ്റര്‍ പീസ് ഗ്രന്ഥത്തില്‍ അദ്ദേഹം സ്മരിക്കുന്നതിങ്ങനെയാണ്. "തികച്ചും ആകസ്മികമായിട്ടാണ് ഈ പുസ്തകം എഴുതേണ്ടി വന്നത്. ഇത്തരമൊരു പുസ്തകരചനയ്ക്ക് ഉദ്ദേശമില്ലായിരുന്നു. ക്വുര്‍ആന്‍ പ്രസ്താവന അനുസരിച്ച് പൂര്‍വ്വവേദങ്ങളായ തൌറാത്ത്, സബൂര്‍, ഇഞ്ചീല്‍ എന്നിവയെ അംഗീകരിക്കുന്നവര്‍ എന്ന ധാരണയില്‍ മുസ്ലിംകളോട് സൌഹാര്‍ദത്തോടിരിക്കണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. മുസ്ലിംകള്‍ എന്നോടും സൌഹൃദം കാണിച്ചിരുന്നു. പ്രത്യേകിച്ചും ഇന്ത്യയില്‍ ഇപ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളില്‍ പെട്ടവരായ ക്രിസ്ത്യാനികളും മുസ്ലിംകളും സൌഹൃദം പുലര്‍ത്തേണ്ടത് ഒരാവശ്യമായിട്ടേ കരുതുന്നുള്ളൂ. മര്‍ക്കസുല്‍ ബിശാറയുടെ സഹകരണത്തോടുകൂടി, ക്വുര്‍ആന്‍ വചസ്സുകള്‍ ഉദ്ധരിച്ച്കൊണ്ട് തന്നെ, കേരളത്തില്‍, കായംകുളം, പെരുമ്പാവൂര്‍, മലപ്പുറം, കോട്ടപ്പടി, കരുളായി തുടങ്ങിയ പല സ്ഥലത്തും ഞാന്‍ സുവിശേഷം പ്രസംഗിച്ചിട്ടുണ്ട്. പല സ്ഥലത്തും മുസ്ലിംകള്‍ സുവിശേഷ പ്രസംഗത്തിന് ഞങ്ങളെ അനുകൂലിച്ചിരുന്നു.''(2)

തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയെന്ന 'ഹിന്ദുമതം മുഴുവനായി പഠിച്ച പണ്ഡിതന്‍' ഇപ്പോള്‍ പരിശുദ്ധ ക്വുര്‍ആനും സമഗ്രമായി പരിശോധിച്ചതിന് ശേഷം അവതരിപ്പിക്കുന്ന അന്തിമ നിലപാടില്‍ അബദ്ധത്തിന് തെല്ലും സാധ്യതയുണ്ടാവില്ലെന്ന ധാരണ സൃഷ്ടിക്കുവാന്‍ ഒരു വേള ഈ പ്രകടനത്തിന് സാധിച്ചിരിക്കാം. മോശെ പ്രവാചകന് ദൈവം നല്‍കിയ തൌറാത്തും, ദാവീദ് പ്രവാചകന് നല്‍കപ്പെട്ട സബൂറും, യേശു പ്രവാചകന് നല്‍കപ്പെട്ട ഇഞ്ചീലും വേദഗ്രന്ഥങ്ങളാണെന്നും അവയുടെ ഉള്ളടക്കത്തെ സത്യപ്പെടുത്തി കൊണ്ടാണ് മുഹമ്മദ് നബി(സ്വ)ക്ക് പരിശുദ്ധ ക്വുര്‍ആന്‍ നല്‍കപ്പെട്ടതെന്നുമാണ് ഇസ്ലാമിന്റെ അധ്യാപനം. ആയതിനാല്‍, ഈ അടിസ്ഥാന നിലപാടില്‍ ഉറച്ച് നിന്നുവേണം വേദഗ്രന്ഥമെന്ന് മുന്‍ വേദക്കാര്‍ അവകാശപ്പെടുന്ന ഗ്രന്ഥങ്ങളുടെ ഉള്ളടക്കങ്ങളെയും അതിന്റെ അനുയായികളുടെ വാക്കുകളെയും വിലയിരുത്തേണ്ടതെന്ന പരിശുദ്ധ ക്വുര്‍ആന്റെ അധ്യാപനത്തെ തകിടം മറിക്കുവാന്‍ ശ്രമിച്ച മര്‍ക്കസുല്‍ ബിശാറ എന്ന സാഹിത്യ മിഷണറി സംഘത്തിന്റെ നാവായി മാറുകയായിരുന്നു അറിഞ്ഞോ, അറിയാതെയോ ബഹുമാന്യനായ തിരുവട്ടാര്‍. മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കുന്നവരെ, അദ്ദഹം പറഞ്ഞ തൌറാത്തും സബൂറും ഇഞ്ചീലും ഞങ്ങളുടെ പക്കലുള്ള ബൈബിളാണെന്നും അതിനാല്‍ മുഹമ്മദ് നബി(സ്വ)യോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ പേരില്‍ ഞങ്ങളുടെ ബൈബിള്‍ വിശ്വസിക്കുകയും ബൈബിളിന് വിരുദ്ധമായി കാണപ്പെടുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് കാരണം മുഹമ്മദ് നബി(സ്വ)യുടെ കച്ചവടയാത്രകളില്‍ സിറിയയിലുള്ള ക്രൈസ്തവ യഹൂദ പണ്ഡിതന്മാരില്‍ നിന്നും നേടിയ അറിവുകളില്‍ സംഭവിച്ച വീഴ്ചകളാണെന്നുമൊക്കെ പരസ്പരവിരുദ്ധമായ ആശയങ്ങള്‍ തങ്ങളുടെ സുവിശേഷ പ്രസംഗങ്ങളില്‍ സമന്വയിപ്പിച്ച് ഈ സംഘം കേരളക്കരയാകെ ചുറ്റിക്കറങ്ങി. സാധാരണക്കാരായ മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൈസ്തവരുടെ ഇടയിലും സ്വീകാര്യത ലഭിച്ചു.

പരിശുദ്ധ ക്വുര്‍ആനെ വ്യക്തമായി ദുര്‍വ്യാഖാനിച്ച് മുസ്ലിംകളെ ക്രൈസ്തവവല്‍ക്കരിക്കുവാനുള്ള മിഷണറിമാരുടെ ഈ ഹീനമായ ശ്രമത്തെ വിവേകത്തോടെ വിലയിരുത്തിയവര്‍ വിഷയത്തെ അപഗ്രഥിച്ച് മുന്നോട്ട് വന്നു. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ് പകര്‍ന്ന് നല്‍കി, ഒരേ സമയം ക്വുര്‍ആനെ ദുര്‍വ്യാഖ്യാനിക്കുന്നത് തുറന്നു കാണിക്കുകയും ബൈബിളിന്റെ ദൈവികതയെ വസ്തുനിഷ്ഠമായി പല മാനദണ്ഡങ്ങളിലൂടെ നിരൂപണം നടത്തുകയും യേശുവിന്റെ വാക്കുകളും ക്രിസ്തു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും തമ്മിലുള്ള അന്തരം വ്യക്തമാക്കുകയും ചെയ്തുകൊണ്ട് 'നിച്ച് ഓഫ് ട്രൂത്ത്' എന്ന സംഘം കേരളക്കരയാകെ തരംഗം സൃഷ്ടിച്ചു. സംവാദങ്ങളും പൊതുപരിപാടികളും ചോദ്യോത്തരങ്ങളുമായി ഒരേ സമയം ക്രൈസ്തവ പണ്ഡിതന്മാരോടും സാധാരണക്കാരോടും ആശയ വിനിമയം സംഘടിപ്പിച്ച് 'നിച്ച് ഓഫ് ട്രൂത്ത്' ബഹുജനശ്രദ്ധ നേടിയെടുത്തു. നിച്ചിന്റെ പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുവീടാന്തരവും ബൈബിള്‍ കോളജുകളും കയറിയിറങ്ങുകയും മുസ്ലിംകളുടെ ഇടയില്‍ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തതോടെ, തന്ത്രപൂര്‍വ്വം രഹസ്യമായി നടന്നിരുന്ന ക്രൈസ്തവ പ്രബോധനം ഇസ്ലാമിക പ്രവര്‍ത്തകരുമായി ആശയ സംവാദം നടത്തി സ്ഥാപിക്കേണ്ട അനിവാര്യതയില്‍ എത്തിച്ചേര്‍ന്നു. സൌജന്യമായി ക്രൈസ്തവര്‍ വിതരണം ചെയ്യുന്ന പുതിയ നിയമം മാത്രമല്ല, യുദ്ധങ്ങളും ഗനീമത്തും ജിസ്യയും ബഹുഭാര്യത്വവും അടിമ സമ്പ്രദായവും വിവാഹമോചനവും ഒക്കെ നിയമമായി അനുവദിച്ചിട്ടുള്ള പഴയ നിയമവും മുസ്ലിംകള്‍ പരിശോധിക്കുവാന്‍ തുടങ്ങി. തികഞ്ഞ വിധേയത്വം പ്രകടിപ്പിക്കുന്ന ക്രൈസ്തവരുടെ മുമ്പില്‍ പോലും പണ്ഡിതന്മാര്‍ക്ക് പറഞ്ഞ് ഫലിപ്പിക്കുവാന്‍ സാധിക്കാത്ത ത്രിയേകത്വം എന്ന മര്‍മത്തെ സംബന്ധിച്ച് മുസ്ലിം പക്ഷത്ത് നിന്ന് ചോദ്യങ്ങള്‍ വന്നപ്പോള്‍ ക്രൈസ്തവ പക്ഷത്ത് നിന്ന് പലരും യാഥാര്‍ഥ്യം ഉള്‍കൊണ്ട് കൂടുമാറാന്‍ തയ്യാറായി. അപകടം മനസ്സിലായെങ്കിലും ഇതിനൊരു മറുമരുന്ന് തയ്യാറാക്കുവാന്‍ കഴിയാതെ ക്രൈസ്തവ പക്ഷം ഒരു രക്ഷകനായി കാത്തിരുന്നു. ഈ പരിതാപകരമായ അവസ്ഥയ്ക്ക് താല്‍ക്കാലിക ആശ്വാസമായി ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു. ക്രൈസ്തവ-ഇസ്ലാം സംവാദം; ക്രൈസ്തവ മാര്‍ഗത്തിനെതിരെയുള്ള ഇസ്ലാമ്യ കപടവാദങ്ങള്‍ക്കുള്ള മറുപടി; ഗ്രന്ഥകാരന്‍ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി.

ഈ ഗ്രന്ഥത്തിന്റെ ആനുകാലിക പ്രസക്തി എന്താണെന്ന് ഗ്രന്ഥകാരന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. "മുസ്ലിം സഹോദരങ്ങളോട് സൌഹൃദം പുലര്‍ത്തണമെന്നുള്ള താല്‍പര്യത്തില്‍ അവരില്‍ ചിലര്‍ ക്രൈസ്തവര്‍ക്ക് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു പുസ്തക രചനയ്ക്ക് മുതിര്‍ന്നിരുന്നില്ല.
എന്നാല്‍ നിച്ച് ഓഫ് ട്രൂത്ത് എന്ന സംഘടനയും അതിന്റെ ഡയറക്ടര്‍ എം.എം. അക്ബറും സമീപ സമയത്തു ക്രൈസ്തവ വിശ്വാസത്തിന് ആധാരമായ വിശുദ്ധ ബൈബിളിനെ ആക്ഷേപിച്ചും, ആ ഗ്രന്ഥത്തിന്റെ ഒരു പ്രമേയത്തിന്‍ മേല്‍ പ്രത്യേകം അവകാശവാദമുന്നയിച്ചും, ക്രൈസ്തവര്‍ അത് അംഗീകരിക്കാത്തതിന്റെ പേരില്‍ ആക്രോശിച്ചും നടത്തുന്ന പ്രസംഗങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ അതിലെ അസത്യപ്രസ്താവനകള്‍ക്ക് മറുപടി പറയണമെന്ന് തോന്നി...

ഏതായാലും ഈ സന്ദര്‍ഭത്തില്‍ നിച്ച് ഓഫ് ട്രൂത്തിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി എഴുതുവാന്‍ അവസരം ലഭ്യമായതില്‍ വളരെയേറെ സന്തോഷം തോന്നി. മറ്റൊരു ഗ്രന്ഥ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ഞാന്‍ 700 പേജുകള്‍ എഴുതിക്കഴിഞ്ഞ ആ ഗ്രന്ഥ രചന മാറ്റിവച്ചിട്ട് ആനുകാലിക പ്രധാന്യം പരിഗണിച്ച് എത്രയും പെട്ടെന്ന് എഴുതിയതാണ് ഈ കൃതി. എങ്കിലും ഈ ഗ്രന്ഥങ്ങളിലെ പ്രസ്താവനകളെല്ലാം ദീര്‍ഘമായ പഠനങ്ങള്‍ക്ക് ശേഷം കണ്ടെത്തിയതും എനിക്ക് നേരിട്ട് ബോധ്യമായിട്ടുള്ളതുമായ കാര്യങ്ങളും അടിസ്ഥാനത്തില്‍ ഉള്ളവയുമാണ്.''(3)

നിച്ച് ഓഫ് ട്രൂത്ത് പുറത്തിറക്കിയ ബൈബിളിന്റെ ദൈവികത, വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന ഗ്രന്ഥത്തിന് ക്രൈസ്തവ പക്ഷത്ത് നിന്നുള്ള മറുപടിയാണ് പ്രസ്തുത പുസ്തകമെന്ന് ക്രൈസ്തവ പണ്ഡിതന്‍മാരും പിന്താങ്ങുകയുണ്ടായി. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഇക്കാര്യം ജോണ്‍സണ്‍.സി.ഫിലിപ്പ് തുറന്നു പറയുന്നുണ്ട്. ഈ പുസ്തകത്തിന് അവതാരിക എഴുതിയ റവ.എം.വി.ചാക്കോ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നിന്നുകൊണ്ട് ഗ്രന്ഥകാരനെയും ഗ്രന്ഥത്തെയും പുകഴ്ത്തിയത് ഇങ്ങനെയാണ്.
"സഹോദരന്‍ കൃഷ്ണന്‍കുട്ടി തര്‍ക്കശാസ്ത്ര വിദഗ്ധനാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇസ്ലാമിക ഗ്രന്ഥങ്ങള്‍ നന്നായി പഠിച്ച് ബൈബിള്‍ അതിന് നേരെ വച്ച് ഇസ്ലാമിന് ഒരു ഖണ്ഡനം എഴുതിയത് തികച്ചും ആസ്വാദ്യകരമായിരിക്കുന്നു. ആധുനിക മണിപ്രവാളത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുത്തിട്ടുമുണ്ട്. ഇനി ഒരു വാദം വലിച്ചു നീട്ടേണ്ട കാര്യമില്ല. ഇസ്ലാം അഡ്വക്കേറ്റുകള്‍ക്ക് ക്രിസ്തീയ അഡ്വക്കേറ്റ് മറുപടി നല്‍കിയിരിക്കുന്നു. അന്വേഷണ ബോധമുള്ളവര്‍ ഇവിടെ നിര്‍ത്തുമെന്ന് വിശ്വസിക്കാം. ദൈവവചനത്തിന്റെ ആധികാരികത എന്തെന്ന് സമര്‍പ്പിക്കുവാന്‍ സഹോ. കൃഷ്ണന്‍കുട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. താന്‍ ദൈവത്താല്‍ മാനിക്കപ്പെടും തീര്‍ച്ച.

ഇസ്ലാം ക്രൈസ്തവ സംവാദം എന്ന ഈ ഖണ്ഡനകൃതി എല്ലാം ക്രൈസ്തവരും വാങ്ങി വായിക്കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. മുസ്ലിം സഹോദരങ്ങളും ദയവായി വാങ്ങി വായിക്കണം. ഇതിന് മറുപടി എഴുതുവാനോ പ്രസംഗിക്കുവാനോ ആരെങ്കിലും മുതിരുമെന്ന് തോന്നുന്നില്ല. അഥവാ മുതിര്‍ന്നാല്‍ ബൃഹത്തായ മറ്റൊരു ഗ്രന്ഥം കൂടി ഉണ്ടാകും. അതിന് ക്രൈസ്തവ ഐക്യം തയ്യാറെടുത്തു കഴിഞ്ഞു. ഈ ഖണ്ഡന കൃതി ലോകത്തിലെ പ്രമുഖ എല്ലാ ഭാഷകളിലേക്കും വിശേഷാല്‍ അറബിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെടും.''(4) ഇങ്ങനെ ക്രൈസ്തവ വിഭാഗത്തിന്റെ സര്‍വസൈന്യാധിപനായി തിരുവട്ടാര്‍ അവരോധിതനായി. തുടര്‍ന്നും മൂന്നിലധികം പുസ്തകങ്ങള്‍ അദ്ദേഹം ഈ വിഷയത്തില്‍ രചിക്കുകയുണ്ടായി.

ചുരുക്കത്തില്‍ ഇസ്ലാമിക പ്രബോധനം വിജയപഥത്തില്‍ സഞ്ചരിക്കുന്നതില്‍ അസഹിഷ്ണുക്കളായ ക്രൈസ്തവ മിഷണറിമാര്‍ അവരുടെ ഐക്കണ്‍ ആയി ഉയര്‍ത്തിയത് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടിയെന്ന 'ധീരപോരാളി'യെയാണ്. ഇങ്ങനെ ഒരു പതിറ്റാണ്ടിലധികം പരിശുദ്ധ ക്വുര്‍ആനിനെയും മുഹമ്മദ് (സ്വ)യുടെ ധാര്‍മികതയെയും ബൈബിളിനെ മാനദണ്ഡമാക്കി വിമര്‍ശിച്ച് കേരളക്കരയാകെ പ്രസംഗിച്ചും പുസ്തകം വിതരണം ചെയ്തും കോലാഹലമുണ്ടാക്കിയ ഈ മുതിര്‍ന്ന സുവിശേഷകനെ കാണുവാന്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ഞങ്ങളുടെ കൂട്ടത്തിലുള പലരെയും മുന്‍പരിചയം ഉള്ളതിനാല്‍ അദ്ദേഹവും കുടുംബവും ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. എഴുത്തിലും പ്രസംഗത്തിലും പ്രകോപനപരമായ ഭാഷ ഉപയോഗിക്കുന്ന അദ്ദേഹം വീട്ടിലെത്തുന്ന ഏത് വിഭാഗക്കാരോടും സൌമ്യനായി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പ്രകൃതക്കാരനാണ്. കുശലാന്വേഷണവും ചായ സല്‍ക്കാരവും കഴിഞ്ഞതോടെ ഞങ്ങള്‍ വന്ന ഉദ്ദേശ്യം അദ്ദേഹത്തെ അറിയിച്ചു. ഇസ്ലാമിനെതിരായി താങ്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സംബന്ധിച്ച് അറിയുവാനാണ് ഞങ്ങള്‍ എത്തിയതെന്ന ആമുഖത്തോടെ ഞങ്ങള്‍ വിഷയത്തിലേക്ക് കടന്നു.

ഞങ്ങള്‍: സാറിന്റെ പുസ്തകങ്ങളിലും സാര്‍ അവതാരിക എഴുതിയ മറ്റ് പുസ്തകങ്ങളിലും പ്രധാന ഇസ്ലാം വിമര്‍ശനമായി കാണുന്നത്, മുഹമ്മദ് (സ്വ) ചെയ്ത യുദ്ധങ്ങള്‍, ശത്രുക്കളില്‍ നിന്നും പിടിച്ചെടുത്ത കൊള്ളമുതല്‍, ഇസ്ലാമിക ഭരണകൂടം അന്യമതസ്ഥരില്‍ നിന്നും ഈടാക്കുന്ന ജിസ്യ, ബഹുഭാര്യത്വം, അടിമ സ്ത്രീകളുമായും യുദ്ധത്തില്‍ കൊള്ളമുതലായി ലഭിക്കുന്ന സ്ത്രീകളുമായുള്ള ലൈംഗിക ബന്ധം, പകരത്തിന് പകരം എന്ന നിയമം തുടങ്ങിയവയാണ്. 2009ല്‍ പുറത്തിറങ്ങിയ ഇസ്ലാമിക ദര്‍ശനം: വിമര്‍ശനങ്ങള്‍ വസ്തുതകള്‍ എന്ന വിമര്‍ശന ഗ്രന്ഥത്തിന് താങ്കള്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ കാണാം
മുഹമ്മദിന്റെ ക്രൂരകര്‍മങ്ങളുടെ വിളംബരങ്ങളായ യുദ്ധങ്ങളും കൊള്ളയും കൊലയും, പെട്ടെന്ന് സായുധരായി ആക്രമിക്കുക, പ്രായപൂര്‍ത്തിയായ പുരുഷന്മാരെയെല്ലാം വധിക്കുക. അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കുക, ഇതായിരുന്നു പ്രവാചകന്റെ പതിവ്. കൊള്ളയടിക്കപ്പെട്ട സ്വത്തുക്കളും തടവുകാരാക്കപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും അഞ്ചായി വീതംവച്ച് ഒരു ഓഹരി മുഹമ്മദിനും ബാക്കിയുള്ളവ മുസ്ലിം പടയാളികള്‍ക്കും ആക്കുക. മുസ്ലിംങ്ങളെ യുദ്ധ തല്‍പരരാക്കിയത് കൊള്ള മുതലും സ്ത്രീകളും ആണ്. (താരിഖുല്‍ ഇസ്ലാം, പേജ് 398) "സമരാര്‍ജ്ജിത സ്വത്തുക്കള്‍ അല്ലാഹുവിനും അവന്റെ ദൂതനും അവകാശപ്പെട്ടതാണ്.'' (ക്വുര്‍ആന്‍ 8:1)
ബൈബിളിനും, അതു ലോകത്തിനു സംഭാവന ചെയ്യുന്ന ധാര്‍മികതയും അധ്യാത്മികതയും ആയി ഒരു താരതമ്യത്തിനുപോലും സാദ്ധ്യമല്ലാത്തവിധം അത്യന്തം അപകടകാരിയായ ക്വുര്‍ആനും, ക്രൈസ്തവ ധര്‍മശാസനകള്‍ക്ക് അടുത്തു വരാന്‍ പോലും അര്‍ഹതയില്ലാത്ത പഠിപ്പിക്കലും കൈമുതലായുള്ള ഇസ്ലാമിന്റെ ആക്ഷേപങ്ങള്‍ക്ക് ശക്തമായി മറുപടി നല്‍കുവാനുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു വന്ന ഈ സഹോദരന് ആത്മാര്‍ഥമായ ആശംസകള്‍.''(5)
ഇസ്ലാമിനെ സംബന്ധിച്ച് ഈ ഗ്രന്ഥകാരന്‍ വിമര്‍ശനമുന്നയിക്കുന്ന യുദ്ധങ്ങളും, കൊള്ളമുതലും, അതിലെ ദൈവത്തിന്റെ ഓഹരിയും, യുദ്ധത്തിന് പുറപ്പെട്ട ശത്രുപുരുഷന്‍മാരെ വധിക്കുന്നതും അവരുടെ കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കുന്നതും, ഇങ്ങനെയുള്ള തടവുകാരായ സ്ത്രീകളെ അടിമകളാക്കി ഉപയോഗിക്കുന്നതും തുടങ്ങിയ കാര്യങ്ങള്‍ അധാര്‍മികതയുടെ പട്ടികയില്‍ ഗണിച്ച്കൊണ്ടാണ് സാര്‍ ഈ പുസ്തകത്തിന് ആശംസ നല്‍കിയിട്ടുള്ളത്.


അദ്ദേഹം: അതേ.

ഞങ്ങള്‍: പക്ഷേ ഞങ്ങള്‍ക്കൊരു സംശയം. ഇങ്ങനെ നിങ്ങള്‍ വിമര്‍ശനമുന്നയിക്കുന്ന മുഴുവന്‍ നിയമങ്ങളും ബൈബിളിലെ പഴയ നിയമത്തില്‍ വ്യക്തമായി കാണുന്നവയാണല്ലോ. അപ്പോള്‍ എങ്ങനെയാണ് ബൈബിള്‍ ധാര്‍മികമെന്നും അതേ നിയമങ്ങളുള്ള ക്വുര്‍ആന്‍ അധാര്‍മികമെന്നും താങ്കള്‍ വിലയിരുത്തുന്നത്? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. 

അദ്ദേഹം: ബൈബിളിലെ പഴയ നിയമം യഹൂദന്‍മാരുടെ വേദഗ്രന്ഥമാണ്. ക്രിസ്ത്യാനികളായ ഞങ്ങളുടെ വേദഗ്രന്ഥം പുതിയ നിയമമാണ്. ഞങ്ങളുടെ പുതിയ നിയമത്തില്‍ ഇപ്രകാരമുള്ള കാര്യങ്ങളൊന്നും ഇല്ല.

ഞങ്ങള്‍: യഹൂദന്‍മാരുടെ വേദഗ്രന്ഥം എന്നത്കൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നത്, കുറെയധികം യഹൂദന്‍മാര്‍ തന്നിഷ്ടപ്രകാരം സൃഷ്ടിച്ച വേദഗ്രന്ഥമാണ് തൌറാത്ത് എന്ന അര്‍ഥത്തില്‍ അല്ലല്ലോ. മറിച്ച് പരിശുദ്ധനായ യഹോവ തന്റെ പ്രവാചകനായ മോശെയിലൂടെ നല്‍കിയ വേദഗ്രന്ഥമാണ് തൌറാത്ത് അഥവാ ന്യായപ്രമാണം. ഇതിനെയാണ് നിങ്ങള്‍ പഴയ നിയമം എന്ന് പറയുന്നത്. നിങ്ങള്‍ ഇസ്ലാമിനെതിരെ അധാര്‍മികതയെന്ന് ആരോപിക്കുന്ന പ്രസ്തുത നിയമങ്ങള്‍ മുഴുവനും തൌറാത്തില്‍ വന്നിരിക്കെ, ഇവ മോശയ്ക്ക് നല്‍കിയ യഹോവ അധാര്‍മികനാണോ? ഇത് ജനങ്ങളെ പഠിപ്പിച്ച മോശെ അധാര്‍മികനാണോ? ഞങ്ങളുടെ ചോദ്യം ഇതാണ്.

അദ്ദേഹം: ഇതൊരു കുഴപ്പം പിടിച്ച ചോദ്യമാണ്. എന്റെ കാഴ്ചപ്പാടില്‍ യഹോവ പറയാത്ത പല കാര്യങ്ങളും മോശെ സ്വയം പറഞ്ഞതാവാനാണ് സാധ്യത.

ഞങ്ങള്‍: അപ്പോള്‍ ബൈബിള്‍ ദൈവിക ഗ്രന്ഥമല്ലെന്നും ദൈവിക വെളിപാടുകള്‍ മോശെ പ്രവാചകന്‍ തന്നിഷ്ടപ്രകാരം മാറ്റിയെന്നും വന്നാല്‍ അത് ഗുരുതരം പ്രശ്നം തന്നെയല്ലേ?

അദ്ദേഹം: അതേ, അത് ഒരു പ്രശ്നം തന്നെയാണ്.

ഞങ്ങള്‍: മോശെയും, ശേഷം യോശുവയും യഹോവയുടെ കല്‍പനപ്രകാരം യുദ്ധം ചെയ്തുവെന്ന് ബൈബിളില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ യോശുവ യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടിയവരെ പിന്തുടര്‍ന്ന് കൊന്നുവെന്നും പിന്നെയും രക്ഷപ്പെടുവാന്‍ ശ്രമിച്ചവരെ യഹോവ ആകാശത്തുനിന്ന് കല്ലുമഴ പെയ്യിച്ച് കൊന്നുവെന്നും പഴയ നിയമത്തില്‍ പറയുന്നു. ഇവിടെ യോശുവ കൊന്നതിനെക്കാള്‍ അധികം ആളുകളെ യഹോവ കൊന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നു.(6)
മാത്രമല്ല, ബൈബിള്‍ ചരിത്ര വിവരണപ്രകാരം ധാരാളം ഭാര്യമാരും വെപ്പാട്ടിമാരും ഉണ്ടായിരുന്ന ദാവീദ് പ്രവാചകന്‍ തന്റെ ഭൃത്യനും ഏകഭാര്യനുമായിരുന്ന ഊരിയാവിന്റെ ഭാര്യയുമായി വ്യഭിചരിച്ചതായി എഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ ദാവീദ് പ്രവാചകനെ വിമര്‍ശിക്കുന്നതിനായി നാഥാന്‍ എന്ന മറ്റൊരു പ്രവാചകനെ യഹോവ നിയോഗിക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ നാഥാന്‍ പ്രവാചകന്‍ പരിശുദ്ധാത്മാവ് നിറഞ്ഞവനായി യഹോവക്ക് വേണ്ടി പറഞ്ഞത് ഇങ്ങനെയാണ്.
"നിന്റെ യജമാനന്റെ ഭവനത്തെയും അവന്റെ ഭാര്യമാരെയും ഞാന്‍ നിനക്ക് തന്നു. യിസ്രയേല്‍ ഭവനത്തെയും യഹൂദ ഭവനത്തെയും ഞാന്‍ നിനക്ക് തന്നു. ഇതെല്ലാം തീരെ കുറവെങ്കില്‍ ഞാന്‍ നിനക്ക് ഇതിലധികവും നല്‍കുമായിരുന്നു.''(7) പിന്നെന്തിനാണ് നീ ഊരിയാവിനോട് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്ന് യഹോവ ചോദിക്കുന്നു. യെരുശലേമിലും യഹൂദ്യയില്‍ വെച്ചും ദാവീദിന് ധാരാളം ഭാര്യമാരെയും ദാസിമാരെയും നല്‍കിയത്(8) യഹോവയാണെന്നും മാത്രമല്ല ദാവീദ് ആഗ്രഹിച്ചിരുന്നെങ്കില്‍ യഹോവ ഇനിയും ധാരാളം സ്ത്രീകളെ നല്‍കുമായിരുന്നുവെന്നും പറയുന്നു. ഇവിടെ ദാവീദ് ബഹുഭാര്യത്വമോ അടിമ സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയതിനെയോ യഹോവ അദ്ദേഹത്തെ കുറ്റക്കാരനാക്കുന്നില്ല. മറിച്ച് വ്യഭിചാരത്തെയാണ് വിമര്‍ശിച്ചത്.
ഇങ്ങനെ കൊലയും കൊള്ളമുതലും അടിമസ്ത്രീകളും ഒക്കെ അനുവദനീയമാക്കിയ യഹോവ ധാര്‍മികനാണെന്ന് എല്ലാ ക്രൈസ്തവരും വിശ്വസിക്കുന്നുണ്ടല്ലോ?


അദ്ദേഹം: "നിങ്ങളുടെ ചോദ്യം എനിക്ക് മനസിലായി. എന്നാല്‍ ഞാന്‍ ഇപ്പോള്‍ യഹോവയും മോശെയുമൊക്കെ ധാര്‍മികരാണെന്ന് പറഞ്ഞാല്‍, സ്വഭാവികമായും അല്ലാഹുവും മുഹമ്മദും കൂടി ധാര്‍മികരാണെന്ന് ഞാന്‍ സമ്മതിക്കേണ്ടി വരും. കാരണം അവര്‍ (അല്ലാഹുവും മുഹമ്മദും) ചെയ്തതിനേക്കാള്‍ എത്രയോ ഇരട്ടി ഇതേ കാര്യം യഹോവ ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എന്റെ കാഴ്ചപ്പാടില്‍ പലപ്പോഴും യഹോവയുടെ അധ്യാപനങ്ങളും യേശുവിന്റെ അധ്യാപനങ്ങളും തമ്മില്‍ വിലയിരുത്തുമ്പോള്‍, യഹോവ ധാര്‍മികനാണെന്ന് പറയുവാന്‍ എനിക്ക് സാധ്യമല്ല. യഹോവയുടെ അധ്യാപനങ്ങളില്‍ ധാരാളം പ്രശ്നങ്ങളുണ്ട്.''
അദ്ദേഹത്തിന്റെ ഈ മറുപടികേട്ട് ഞങ്ങള്‍ ഞെട്ടി. സ്രഷ്ടാവായ ദൈവത്തിന്റെ ധാര്‍മികത പരിശോധിക്കുന്ന മനുഷ്യനോ? ഈ സംശയം ഒരു ചോദ്യമായി ഞങ്ങളില്‍ നിന്നും പുറത്തേക്ക് വന്നു.

ഞങ്ങള്‍: സാര്‍, പരിശുദ്ധനായ ഞാന്‍, മനുഷ്യരെ ശുദ്ധീകരിക്കുന്നതിന് വേണ്ടി നല്‍കുന്ന നിയമമെന്ന് യഹോവ തൌറാത്തിനെ വിശേഷിപ്പിക്കുമ്പോള്‍,(9) നിസ്സാരനായ ഒരു വിശ്വാസി ഇതിന്റെ പേരില്‍ ദൈവത്തിന്റെ ധാര്‍മികത പരിശോധിക്കാന്‍ തയ്യാറാകാമോ?

അദ്ദേഹം: ഞാന്‍ വിശ്വസിക്കുന്നത് പുതിയ നിയമത്തിലെ യേശുവിനെയാണ്. യേശുവിന്റെ അധ്യാപനം വെച്ച് യഹോവയെയും മോശെയെയും അല്ലാഹുവിനെയും മുഹമ്മദിനെയും ഒക്കെ വിലയിരുത്തുമ്പോള്‍ അധാര്‍മികരെന്നേ എനിക്ക് പറയുവാന്‍ സാധിക്കുകയുള്ളൂ.

ഞങ്ങള്‍: ഒരു ക്രിസ്ത്യാനി ഇങ്ങനെ യഹോവയെക്കുറിച്ച് പറയുന്നത് ശരിയാണോ? ഈ കാര്യം സാര്‍ എന്തുകൊണ്ടാണ് ക്രൈസ്തവരോട് പറയാതിരുന്നത്?

അദ്ദേഹം: ഇത് പറഞ്ഞാല്‍ ക്രൈസ്തവര്‍ എന്നെ അംഗീകരിക്കുകയില്ല. എങ്കിലും എനിക്ക് പഴയ നിയമത്തോട് താല്‍പര്യമില്ലെന്ന് എന്നെ അറിയുന്നവര്‍ക്കെല്ലാം അറിവുള്ളതാണ്. ഇത് ഞാന്‍ തുറന്ന് എഴുതിയിട്ടില്ല എന്നേയുള്ളു.

ഞങ്ങള്‍: അപ്പോള്‍ ധാര്‍മികനായി യേശുവിനെ മാത്രമേ താങ്കള്‍ കാണുന്നുള്ളു. 

അദ്ദേഹം:
 അതേ.

ഞങ്ങള്‍: എങ്കില്‍ ഒരു ചോദ്യം. യേശു ധാര്‍മികനെന്നും യഹോവ അധാര്‍മികനെന്നും താങ്കള്‍ പറഞ്ഞല്ലോ. അപ്പോള്‍ യഥാര്‍ഥത്തില്‍ യഹോവയും യേശുവും ഒന്നാണെന്ന് സാര്‍ വിശ്വസിക്കുന്നില്ലേ?
അദ്ദേഹവും കുടുംബവും ഒരു നിമിഷത്തേക്ക് സ്തബ്ധരായി ഇരുന്നുപോയി. എന്ത് മറുപടി പറയണമെന്നറിയാതെ, ഇനി എന്തെങ്കിലും പറഞ്ഞാല്‍ ശേഷം വരുന്ന ചോദ്യങ്ങള്‍ ഊഹിച്ച് അല്‍പ സമയം. പിന്നീട് രണ്ടും കല്‍പിച്ച് അദ്ദേഹം മറുപടി പറഞ്ഞു.


അദ്ദേഹം: ഇതൊരു വലിയ പ്രശ്നമാണ്. ചിലപ്പോള്‍ ഇങ്ങനെയൊരു കാര്യം ക്രൈസ്തവര്‍ ചിന്തിച്ചിട്ട്പോലും ഉണ്ടാവുകയില്ല. യേശുവും യഹോവയും ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം യേശുവും യഹോവയും അവരുടെ അധ്യാപനങ്ങള്‍കൊണ്ട് വളരെയധികം വ്യത്യസ്തരാണ്. എനിക്ക് ഒരിക്കലും യഹോവയെ പരിപൂര്‍ണമായി ഉള്‍കൊള്ളാന്‍ കഴിയുകയില്ല. ഞാന്‍ പഠിച്ചതും സ്നേഹിച്ചതും പ്രസംഗിച്ചതുമെല്ലാം പുതിയ നിയമത്തിലെ യേശുവിനെയാണ്.

താന്‍ ഉന്നയിച്ച ഇസ്ലാമിക വിമര്‍ശനങ്ങള്‍ പിന്‍വലിക്കാതിരിക്കാന്‍ സ്വന്തം മതവിശ്വാസത്തിന്റെ അടിസ്ഥാനങ്ങള്‍തന്നെ നിഷേധിക്കണ്ട ഗതികേടിലേക്ക് തിരുവട്ടാര്‍ എത്തിച്ചേര്‍ന്നു. ക്രൈസ്തവഗോളത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം അറിയുന്ന ആര്‍ക്കും ആശ്ചര്യം ഉളവാക്കുന്ന മറുപടികളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ഈ ചര്‍ച്ചയ്ക്ക് ശേഷം അധികം താമസിയാതെ വീണ്ടും വരുമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. ഒരാഴ്ചയ്ക്കകം ഞങ്ങള്‍ ഒരിക്കല്‍കൂടി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന കുശലാന്വേഷണങ്ങള്‍ ഞങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ ബാല്യം, യൌവ്വനം, ക്രിസ്തുമത സ്വീകരണം, തന്റെ പ്രഭാഷണ പര്യടനങ്ങള്‍, തന്റെ സൌഹൃദങ്ങള്‍, താന്‍ രചിച്ച മറ്റ് പുസ്തകങ്ങള്‍, ക്രൈസ്തവരിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ച്... അങ്ങനെ പലതും. മാത്രമല്ല, പത്ത് വര്‍ഷം മുമ്പ്, ഞങ്ങള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ ഇതേ വീട്ടില്‍ വന്നതും അന്ന് അദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ചും ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തെക്കുറിച്ചും ഒക്കെ അദ്ദേഹം കൃത്യമായി ഞങ്ങളെ ഓര്‍മിപ്പിച്ചു. ഇങ്ങനെ തികച്ചും സൌഹാര്‍ദപരമായി തന്നെ ഞങ്ങള്‍ വിഷയത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം സംസാരിച്ചപ്പോള്‍, യഹോവ ധാര്‍മികനാണെങ്കില്‍ അല്ലാഹുവും മുഹമ്മദും ധാര്‍മികര്‍ തന്നെയാണെന്നും, യഹോവ ധാര്‍മികനാണെന്ന് താങ്കള്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതും, യേശുവും യഹോവയും തികച്ചും രണ്ടാണെന്ന് പറഞ്ഞതും ഒക്കെ ഞങ്ങള്‍ വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു. അപ്പോഴും ആ നിലപാടുകളില്‍ അദ്ദേഹം ഉറച്ച് നിന്നു.

അദ്ദേഹം: യഹോവയുടെ പഠിപ്പിക്കലുകളില്‍ നിന്ന് പുതിയ നിയമത്തിലെ യേശുവിന്റെ പഠിപ്പിക്കലുകള്‍ക്ക് വ്യത്യാസവുമുണ്ട്. യഹോവയുടെ പ്രവര്‍ത്തനങ്ങളെ പുതിയ നിയമ ഗ്രന്ഥങ്ങളുടെ കാഴ്ചപാടുകൊണ്ട് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ക്രിസ്ത്യാനികള്‍ പറയുന്നതിനെ അംഗീകരിക്കാത്തത്.

ഞങ്ങള്‍: 'ഞാനാകുന്നവന്‍ ഞാനാകുന്നു'(10)വെന്നും 'ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ലെ'(11)ന്നും 'ഞാന്‍ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതെന്നും'(12) യഹോവ പഠിപ്പിക്കുമ്പോള്‍, ഈ ഞാന്‍ എന്ന ഏകവചനത്തില്‍ പറയുന്ന യഹോവയില്‍ യേശുവും ഉള്‍പ്പെട്ടതായി സാര്‍ വിശ്വസിക്കുന്നുണ്ടോ?

അദ്ദേഹം: പുതിയ നിയമത്തിലെ ഗ്രന്ഥങ്ങള്‍ വെച്ച് നോക്കുമ്പോള്‍ യേശുവും യഹോവയും ഒന്നാണെന്ന് പറയുവാന്‍ കഴിയില്ല.

ഞങ്ങള്‍: സാര്‍ ഇപ്പോള്‍ ഏതാണ് വിശ്വസിക്കുന്നത്?

അദ്ദേഹം: തര്‍ക്കശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ ഇവിടെ അല്‍പം ബുദ്ധിമുട്ടുണ്ട്.

ഞങ്ങള്‍: ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള പ്രധാന വ്യത്യാസം യുദ്ധവും പെണ്ണുമല്ല, മറിച്ച് ഏകദൈവ വിശ്വാസമാണ്. ആകാശഭൂമികളുടെ സ്രഷ്ടാവായ ദൈവം യേശുവാണെന്ന് മുന്‍കാല പ്രവാചകന്‍മാരോ വേദഗ്രന്ഥങ്ങളോ സാക്ഷാല്‍ യേശു പോലുമോ പഠിപ്പിച്ചിട്ടില്ല. ഇക്കാര്യം തന്നെയാണ് ക്വുര്‍ആനും പറയുന്നത്. ഇന്ന് ക്രൈസ്തവര്‍ യേശുവിനെ വിളിച്ച് പ്രാര്‍ഥിക്കുകയും ഞങ്ങളുടെ ഈ പ്രാര്‍ഥന ചെന്നു ചേരുന്നത് അബ്രഹാമൊക്കെ ആരാധിച്ച അതേ യഹോവയിലേക്കാണെന്നും ആയതിനാല്‍ ഞങ്ങള്‍ ബഹുദൈവവിശ്വാസികളല്ലെന്നുമാണ് വാദിക്കുന്നത്. ക്രൈസ്തവരുടെ ഈ വാദം തെറ്റാണെന്നാണ്് ക്വുര്‍ആന്‍ പ്രഖ്യാപിച്ചത്.(13)

അദ്ദേഹം: യേശു മഹാദൈവമാണെന്ന് പൌലോസ് പഠിപ്പിക്കുന്നുണ്ട്.(14) എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇതിനോട് യോജിക്കാത്തവയുമുണ്ട്.

ഞങ്ങള്‍: എങ്കില്‍ എന്ത് ചെയ്യണം?

അദ്ദേഹം: ഈ സമയം നമ്മള്‍ ന്യായവാദം നടത്തി ഏതെങ്കിലുമൊന്ന് സ്വീകരിക്കണം.

ഞങ്ങള്‍: ക്രൈസ്തവ വിശ്വാസപ്രകാരം എന്നെന്നും നിലനിന്നിരുന്ന, നിലനില്‍ക്കുന്ന യേശുവെന്ന യഹോവയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ധാര്‍മികതയുടെ വിഷയത്തില്‍ പരിശോധിക്കാതെ, ഭൂമിയില്‍ ജീവിച്ച മുപ്പത്തിമൂന്ന് വര്‍ഷം മാത്രം വിലയിരുത്തുന്നത് നീതിയാണോ? ഞങ്ങള്‍ തിരുവട്ടാര്‍ സാറിനെ കാണുന്നത്, ക്രൈസ്തവരുടെ ഒരു ആധികാരിക വക്താവായിട്ടാണ്. അതുകൊണ്ട് സാറിന്റെ നിലപാടുകള്‍ക്ക് വളരെയധികം പ്രസക്തിയുണ്ട്. 

അദ്ദേഹം: യഹോവ എന്ന നിലയില്‍ യേശുവിനെക്കുറിച്ച് ക്രൈസ്തവര്‍ വിശ്വസിക്കുമെങ്കിലും യഹോവയുടെ പല പ്രവര്‍ത്തനങ്ങളും യേശുവിന്റെ അധ്യാപനവുമായി യോജിക്കുന്നില്ല.

ഞങ്ങള്‍: പ്രധാനമായത് ഏതാണ്? 

അദ്ദേഹം: യഹോവ കൊല ചെയ്ത കാര്യം.

ഞങ്ങള്‍: എങ്കില്‍ ക്രൈസ്തവ വിശ്വാസപ്രകാരം യേശുക്രിസ്തുവാണല്ലോ ന്യായവിധി നടത്തുന്നത്. അങ്ങനെ തന്റെ വചനപ്രകാരം യേശു ന്യായവിധി നടത്തിയാല്‍ സാറിന്റെ കാഴ്ചപാടില്‍ ഏറ്റവും വലിയ പാപിയായി യഹോവ മുദ്രകുത്തപ്പെടുമല്ലോ? യഥാര്‍ഥത്തില്‍ ഇവയൊക്കെ മനസ്സിലാക്കിയതില്‍ നിങ്ങള്‍ക്ക് തെറ്റ് സംഭവിച്ചു എന്നാണ് ഞങ്ങള്‍ക്ക് പറയുവാനുള്ളത്. ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന യുദ്ധങ്ങളേയോ, വധശിക്ഷയെയോ ഒന്നും യേശു റദ്ദു ചെയ്തട്ടില്ല. നേരെ മറിച്ച് ന്യായപ്രമാണം തന്നെ കൊലചെയ്യരുതെന്ന് കല്‍പിച്ച സാധാരണ ജനങ്ങളോടാണ് കോപിക്കരുതെന്ന് യേശു ഉപദേശിച്ചത്.(14) ഈ ഉപദേശങ്ങള്‍ കൊണ്ട് ന്യായപ്രമാണത്തിലെ ഒരു ശിക്ഷാനടപടിയും റദ്ദാക്കുന്നില്ല. നിങ്ങള്‍ യേശുവിന്റെ വിഷയത്തില്‍ അതിരുകവിഞ്ഞ് ചിന്തിച്ചത് മൂലമാണ് യഹോവയുടെയും അല്ലാഹുവിന്റെയും നിയമങ്ങളെക്കുറിച്ച് മനസിലാക്കാന്‍ കഴിയാതെ പോയത്.
ചുരുക്കത്തില്‍, ദൈവിക നിയമത്തെ സംബന്ധിച്ചുള്ള പഠനത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകളാണ് ഈ ആരോപണങ്ങള്‍ക്ക് കാരണമായത്. മനുഷ്യരെ ശുദ്ധീകരിക്കാന്‍ യഹോവ നല്‍കിയ ന്യായപ്രമാണവുമായി വളരെയധികം സാമ്യമുള്ളതാണ് ക്വുര്‍ആനിലെ നിയമങ്ങള്‍. അപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ ഇനിയും നിലനില്‍ക്കുമോ? 


അദ്ദേഹം: ഇല്ല, അത് വിശുദ്ധമാണെങ്കില്‍ ഇതും (ക്വുര്‍ആനും) വിശുദ്ധമാണ്.

ഞങ്ങള്‍: എങ്കില്‍ സാര്‍ ഇപ്പോള്‍ രണ്ടും വിശുദ്ധമാണെന്ന് പറയുകയാണോ? യഹോവ വിശുദ്ധമെന്ന് പറയുന്ന നിയമങ്ങള്‍ അശുദ്ധമാണെന്ന് പറയാന്‍ നമുക്ക് പാടില്ലല്ലോ?

അദ്ദേഹം: യഹോവയുടെ വാക്കുകള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാണ്.

ഞങ്ങള്‍: യഹോവയെ മനുഷ്യന് വിമര്‍ശിക്കാമോ? അപ്പോള്‍ സാര്‍ ഇവ രണ്ടും അധാര്‍മികമാണെന്നാണോ പറയുന്നത്?

അദ്ദേഹം: അതെ രണ്ടും വിശുദ്ധമല്ല.

ഞങ്ങള്‍: യുദ്ധം ചെയ്തതിന്റെ പേരില്‍ മുഹമ്മദ് കുറ്റക്കാരനെങ്കില്‍ അതേ കുറ്റം യഹോവയും ചെയ്തിട്ടില്ലേ? 

അദ്ദേഹം: ഉണ്ട്. യഹോവ ധാരാളം പേരെ കൊന്നിട്ടുണ്ട്. ഏലിയാവും മോശെയും യോശുവയും കൊന്നിട്ടുണ്ട്. മുഹമ്മദും കൊന്നിട്ടുണ്ട്. എന്നാല്‍ യേശു മാത്രം ആരെയും കൊന്നിട്ടില്ല.

ഞങ്ങള്‍: അപ്പോള്‍ യഹോവയും യേശുവും ഒരര്‍ഥത്തിലും ഒന്നല്ല എന്നാണോ പറയുന്നത്? യേശുവും യഹോവയും ഒന്നാണെന്ന് പറഞ്ഞാല്‍, യേശുവും കൊന്നിട്ടുണ്ടെന്ന് വരില്ലേ?
അദ്ദേഹം: അതെ. യേശു, യഹോവയാണെന്ന് വിശ്വസിച്ചാല്‍ യേശുവും കൊന്നിട്ടുണ്ടെന്ന് പറയേണ്ടിവരും.അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ബൈബിളില്‍ പലയിടത്തും വൈരുധ്യമുണ്ട്. അല്ലെങ്കിലും പഴയനിയമത്തിലെ പലതും ഞാന്‍ വിശ്വസിക്കുന്നില്ല. ക്രിസ്ത്യാനിയായിരിക്കെ തന്നെ ഞാന്‍ ബൈബിളിലെ പലതിനെയും വിശ്വസിക്കുന്നില്ല. യേശുവിനെ അംഗീകരിക്കുന്നതുപോലെ യഹോവയെ അംഗീകരിക്കാന്‍ പറ്റില്ല.യേശുക്രിസ്തുവിന്റെ വീക്ഷണത്തില്‍ യഹോവ ചെയ്തത് തെറ്റാണ്. ഇക്കാരണത്താല്‍ യഹോവയും യേശുക്രിസ്തുവും ഒന്നാണെന്ന് പറയാന്‍ ഞാന്‍ സന്നദ്ധനല്ല.

ഞങ്ങള്‍: അപ്പോള്‍ സാര്‍ വിശ്വസിക്കുന്നത് പുതിയ ദൈവത്തെയാണോ? 2000 കൊല്ലം മുമ്പ് മറിയക്ക് ജനിച്ച കുഞ്ഞാണോ സാറിന്റെ ദൈവം? അബ്രഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവയില്‍ സാര്‍ വിശ്വസിക്കുന്നുണ്ടോ? 

അദ്ദേഹം: ഉണ്ട്.

ഞങ്ങള്‍: അത് യഹോവയല്ലേ? ആ ദൈവം അധാര്‍മികനാണെന്നും യേശു അങ്ങനെയല്ലെന്നും സാര്‍ പറഞ്ഞല്ലോ?

അദ്ദേഹം: ഞാന്‍ മുമ്പ് പറഞ്ഞല്ലോ, ബൈബിളില്‍ കുറെ വൈരുധ്യാത്മക പഠിപ്പിക്കലുകള്‍ ഉണ്ട്. യേശു മഹാദൈവമാണെന്ന് ചില സ്ഥലങ്ങളില്‍ പറയുന്നുണ്ട്. അതേസമയം യേശുവും യഹോവയും ഒന്നാണെന്ന് പറഞ്ഞാല്‍, നിങ്ങള്‍ പറയുന്നതുപോലുള്ള പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് ഞാന്‍ പൊതുവെ യേശുവും യഹോവയും ഒന്നാണെന്ന് പറയാറില്ല. 

ഞങ്ങള്‍: സാര്‍ ഇസ്ലാമിനെ വിമര്‍ശിച്ച് ഗ്രന്ഥങ്ങള്‍ എഴുതിയപ്പോള്‍ അല്ലാഹുവിന്റെ ധാര്‍മികത, നമ്മുടെ യഹോവയുടെ ധാര്‍മികതപോലെ വികലമാണെന്ന് എന്ത്കൊണ്ട് എഴുതിയില്ല? താങ്കളുടെ മനസ്സിലുള്ളതുപോലെ ഇവരെ എല്ലാവരെയും വിമര്‍ശിച്ചിരുന്നെങ്കില്‍, താങ്കളുടെ ഭൂമിക ക്രൈസ്തവത അല്ലായെന്ന് എളുപ്പത്തില്‍ തിരിച്ചറിയപ്പെടുമെന്നതിനാല്‍ താങ്കള്‍ ഉപയോഗിച്ച തന്ത്രമായിരുന്നില്ലേ ഈ രീതിയിലുള്ള വിമര്‍ശനങ്ങള്‍?

അദ്ദേഹം: ഞാന്‍ പലപ്പോഴും യുക്തിവാദികള്‍ക്ക് ഒപ്പമാണ്. അല്ലാതെ ബൈബിള്‍പ്രകാരം ഇങ്ങനെ വിമര്‍ശിക്കാന്‍ കഴിയില്ല. ഞാന്‍ യഹോവയെയും മോശെയെയും വിമര്‍ശിക്കാറുണ്ട്; എഴുതിയിട്ടില്ലായെന്നേയുള്ളു. ഇനി എഴുതി കൂടായ്കയില്ല. ഞാന്‍ വിശ്വസിക്കുന്നത് യേശുവിനെ മാത്രമാണ്. 'ഞാന്‍തന്നെ വഴിയും സത്യവും ജീവനുമാകുന്നു. എന്നിലൂടെ അല്ലാതെ ആരും പിതാവിന്റെ സന്നിധിയില്‍ എത്തുന്നില്ല', എന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. എനിക്കതു മതി.

ഞങ്ങള്‍: താങ്കള്‍ അല്ലാഹുവും മുഹമ്മദ് നബി(സ്വ)യും അധാര്‍മികരാണെന്നും ഇവരേക്കാള്‍ ശ്രേഷ്ഠനാണ് യേശുവെന്നും വിശ്വസിച്ചു. എന്നാല്‍ അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്നത്, അല്ലാഹുവും മുഹമ്മദ് നബി(സ്വ)യും ചെയ്തുവെന്ന് താങ്കള്‍ ആരോപിക്കുന്ന കുറ്റങ്ങളെല്ലാം പതിന്‍മടങ്ങ് ചെയ്ത യേശുവിന്റെ പിതാവായ യഹോവയിലേക്കാണെങ്കില്‍, ഈ യാത്ര വന്‍പരാജയമല്ലേ? നല്ലവനായ യേശു, അധാര്‍മികനായ യഹോവയിലേക്കാണ് നയിക്കുന്നതെങ്കില്‍ ഈ ചൂണ്ടിക്കാണിക്കുന്ന വ്യക്തിയും കുഴപ്പക്കാരനല്ലേ?

അദ്ദേഹം: എനിക്ക് യേശു വഴി എവിടെ എത്തുമെന്ന് അറിയേണ്ട, മറിച്ച് യേശുവിലൂടെ പോയാല്‍ മതി.

ഞങ്ങള്‍: താങ്കള്‍ യേശു വഴി എത്തിച്ചേരുന്ന ലക്ഷ്യത്തെ വെറുക്കുന്നുവെങ്കില്‍, എന്തിന് ഇങ്ങനെ യേശുവിനൊപ്പം യാത്ര ചെയ്യണം?

ഇങ്ങനെ ക്രൈസ്തവവിശ്വാസങ്ങളെ ഉഴുതുമറിച്ച് പല മറുപടികളും തിരുവട്ടാര്‍ പറയുകയുണ്ടായി. ശേഷം ഞങ്ങള്‍ ഒരു മണിക്കൂറോളം ഇസ്ലാമിനെ അദ്ദേഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. ഒരേ സമയം യഹോവയെയും മോശെയെയും മറ്റ് പ്രവാചകന്‍മാരെയും യേശുവിനെയും മുഹമ്മദ് നബി(സ്വ)യെയും സ്നേഹിക്കുവാനും അവരെയെല്ലാം ധാര്‍മികതയുടെ മാനദണ്ഡമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള ഏക മാര്‍ഗം മുഹമ്മദ് നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിക്കുന്നതിലൂടെ മാത്രമേ സാധ്യമാകുകയുള്ളുവെന്നും ഞങ്ങള്‍ വിവരിച്ചു. ശ്രദ്ധയോടെയും ആകാംക്ഷയോടെയും അദ്ദേഹം കേട്ടിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ പിരിയാന്‍ ശ്രമിച്ചെങ്കിലും പിന്നെയും അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അരമണിക്കൂര്‍ കൂടി ഞങ്ങള്‍ സംസാരിച്ചിരുന്നു. ക്രൈസ്തവ ഭൂമികയില്‍ നിന്ന് കൊണ്ട് താങ്കളുന്നയിച്ച ഇസ്ലാമിക വിമര്‍ശനങ്ങളൊക്കെ പിന്‍വലിച്ചിരിക്കുന്നു എന്ന വാര്‍ത്ത ക്രൈസ്തവരെയും മുസ്ലിംകളെയും ധരിപ്പിക്കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അതില്‍ ഞങ്ങളോട് വ്യക്തി വിദ്വേഷം തോന്നരുതെന്നും അഭ്യര്‍ഥിച്ച് ഞങ്ങള്‍ പടിയിറങ്ങി.

ഈ നടന്ന നാലരമണിക്കൂര്‍ ചര്‍ച്ച, അദ്ദേഹത്തിന്റെ അറിവോടെ തന്നെ ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഞങ്ങള്‍ ആ വീട്ടില്‍ എത്തി. എന്നാല്‍ അന്ന് പിരിഞ്ഞതിന് ശേഷം തിരുവട്ടാര്‍ സാര്‍ വളരെ വിഷമത്തിലാകുകയും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നില്ലല്ലോ എന്ന് ആവലാതിപ്പെടുകയും വീണ്ടും വരുമ്പോള്‍ എന്ത് മറുപടി നല്‍കുമെന്നും ആലോചിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചതായും അദ്ദേഹത്തിന്റെ മകനില്‍ നിന്ന് അറിഞ്ഞു. അതിനാല്‍ ഇനി ഇങ്ങനെ ഒരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് അവര്‍ വ്യക്തമാക്കി. അവരുടെ അനുവാദത്തോടെ അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുകയും രോഗവിവരം ആരായുകയും ഞങ്ങള്‍ ഓരോരുത്തരും അദ്ദേഹത്തിന് ഹസ്തദാനം ചെയ്ത് പിരിയുകയും ചെയ്തു. ശേഷം മകനോട്, തിരുവട്ടാര്‍ സാറിന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമായി നടത്തപ്പെട്ട ഇസ്ലാമിക വിമര്‍ശനങ്ങളായതുകൊണ്ട് ഈ ചര്‍ച്ചയും പുറംലോകത്തെ ഞങ്ങള്‍ അറിയിക്കുന്നതില്‍ വ്യക്തി വിരോധം തോന്നരുതെന്ന് അഭ്യര്‍ഥിച്ച് സ്നേഹത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു.


Reference:
1. ക്രൈസ്തവ ഇസ്ലാം സംവാദം: തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി, പുറം: 19
2. Ibid 12
3. Ibid 12,13
4. Ibid 19
5. ഇസ്ലാമിക ദര്‍ശനം: വിമര്‍ശനങ്ങള്‍ വസ്തുതകള്‍ പുറം: 9
6. യോശുവ 10:9-11
7. 2 ശാമുവേല്‍ 12:8,9
8. 5:13-16, 2 ശാമു :3:2-4
9. ലേവ്യ 20:7
10. പുറപ്പാട് 3:14
11. യെശയ്യാവ് 43:11
12. പുറപ്പാട് 20:3
13. ക്വുര്‍ആന്‍ 5:17
14. തീത്തോസ് 2:12
15. മത്തായി 5:21
(അവസാനിക്കുന്നില്ല)

ഭാഗം 2: തെളിവുകള്‍..

സുവിശേഷകന്‍ ശ്രീ. ആര്‍ കൃഷ്ണന്‍കുട്ടി ബൈബിളിനെ തള്ളിപ്പറഞ്ഞതായും യേശുക്രിസ്തുവിലും ദൈവവചനമായ ബൈബിളിന്റെ ആധികാരികതയിലും വിശ്വാസീയതയിലും തനിക്കുണ്ടായിരുന്നു ഉറച്ച നിലപാടുകളില്‍ നിന്നും വ്യതിച്ചലിച്ചതായും പറയുന്ന റിപ്പോര്‍ട്ടുകളിലെ യഥാര്‍ത്ഥ്യം എന്ത്? Muhammed Issa responds to Thiruvattar Krishnankutty 's allegations with Evidence
Muhammed Issa responds to Thiruvattar Krishnankutty 's allegations with Evidence (Part 2)

Muhammad - Are You That Prophet? [Bible - John 1:20]

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ